ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് സ്ഥിരീകരിച്ച് SIT | Sabarimala

ചോദ്യം ചെയ്യലിൽ ഭാഗികമായി കുറ്റം സമ്മതിച്ചു
Sabarimala gold theft case, SIT confirms direct involvement of Thantri
Updated on

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടന്ന നിർണ്ണായകമായ ചോദ്യം ചെയ്യലിൽ തന്ത്രി കുറ്റം ഭാഗികമായി സമ്മതിച്ചതായാണ് റിപ്പോർട്ട്. ദ്വാരപാലക ശില്പ കേസിലും കട്ടിളപ്പാളി കേസിലും തന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശക്തമായ മൊഴികളും തെളിവുകളും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും.(Sabarimala gold theft case, SIT confirms direct involvement of Thantri)

കസ്റ്റഡിയിൽ ലഭിച്ച തന്ത്രിയെ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന പുറത്തായത്. മുരാരി ബാബു നൽകിയ മൊഴി തന്ത്രിക്ക് തിരിച്ചടിയായി. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടി സ്ഥിരീകരിച്ചു.

'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനവുമായി തന്ത്രിക്കുള്ള ബന്ധവും സംസ്ഥാനത്തിന് പുറത്ത് അദ്ദേഹം നടത്തിയിട്ടുള്ള ദുരൂഹമായ സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണക്കൊള്ളയുടെ എല്ലാ ഘട്ടങ്ങളിലും തന്ത്രി പങ്കെടുത്തിരുന്നതായി ബാങ്ക് രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും വ്യക്തമാക്കുന്നു. തന്ത്രിയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഈ മാസം 28-നാണ് കോടതി പരിഗണിക്കുന്നത്.

സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയത്.

Related Stories

No stories found.
Times Kerala
timeskerala.com