ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചന സ്ഥിരീകരിച്ച് SIT, ഹൈക്കോടതിയിൽ ഇന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും | Sabarimala

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരും
Sabarimala gold theft case, SIT confirms conspiracy
Published on

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സ്ഥിരീകരിച്ചു. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും ആസൂത്രിത ഗൂഢാലോചനയിലൂടെയാണ് സ്വർണം കവർന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ എസ്ഐടി ഇക്കാര്യം അറിയിക്കും.(Sabarimala gold theft case, SIT confirms conspiracy)

1998-ൽ വിജയ്‍ മല്യ സ്വർണം പൊതിഞ്ഞു നൽകിയ ദ്വാരപാലക ശിൽപങ്ങളിൽ പകരം സ്വർണം പൂശിയ പാളികൾ വെച്ചാൽ കവർച്ച പിടിക്കപ്പെടില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്തത്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്നും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.

ഹൈക്കോടതി നടപടികൾ അടച്ചിട്ട കോടതി മുറിയിൽ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ന് മുതൽ ഹൈക്കോടതിയിലെ നടപടികൾ അടച്ചിട്ട കോടതി മുറിയിലായിരിക്കും പരിഗണിക്കുക. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. രണ്ടാമത്തെ ഐറ്റമായി ലിസ്റ്റ് ചെയ്തിരുന്ന ഹർജി ഇന്ന് ദേവസ്വം ബെഞ്ച് ഒന്നാമത്തെ ഐറ്റമായി പരിഗണിക്കും. ശബരിമല സ്വർണക്കവർച്ചയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു.

സുഹൃത്തിനെ ചോദ്യംചെയ്യുന്നു

അതേസമയം, സ്വർണക്കൊള്ളയുടെ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 2019-ൽ സ്വർണം പൂശുന്നതിനായി ദ്വാരപാലക ശിൽപങ്ങളുടെ പാളികൾ സന്നിധാനത്തുനിന്ന് ഏറ്റുവാങ്ങി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണ്. ഇവിടെനിന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കുന്നതിനിടെയാണ് സ്വർണം കവർന്നതെന്നാണ് എസ്ഐടിയുടെ നിഗമനം. നാഗേഷ്, കൽപ്പേഷ് തുടങ്ങിയ മറ്റ് കൂട്ടുപ്രതികളിലേക്ക് എത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഇന്നലെ മുഴുവൻ അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടങ്ങിയ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ, ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെയും ഉന്നതരുടെയും പങ്കിനെ കുറിച്ചുള്ള മൊഴികൾ എന്നിവയും കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com