കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വഴിത്തിരിവാകാൻ പോകുന്ന ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്കായി പ്രത്യേക അന്വേഷണസംഘം കാത്തിരിക്കുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണപ്പാളികളിൽ അട്ടിമറി നടന്നോ എന്ന കാര്യത്തിൽ ഈ പരിശോധനയോടെ വ്യക്തത വരും. പരിശോധനാ ഫലം പുറത്തുവരുന്നതോടെ കേസിന് രാജ്യാന്തര വിഗ്രഹക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നതിലും കൃത്യമായ സൂചനകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.(Sabarimala gold theft case, SIT awaiting scientific test results)
അറ്റകുറ്റപ്പണികൾക്കായി സന്നിധാനത്തുനിന്ന് കൊണ്ടുപോയ യഥാർത്ഥ സ്വർണ്ണപ്പാളികൾക്ക് പകരം സ്വർണ്ണം പൂശിയ വ്യാജ പാളികളാണോ തിരികെ എത്തിച്ചത് എന്നതിലാണ് അന്വേഷണസംഘം പ്രധാനമായും സംശയിക്കുന്നത്. ഇത് സ്ഥിരീകരിക്കുന്നതിനായി പാളികളിലെ സ്വർണ്ണത്തിന്റെ അളവും പഴക്കവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
കേസിലെ മറ്റൊരു നിർണ്ണായക നീക്കമായി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും. ജയശ്രീക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ, ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചേക്കും. ഇവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉന്നതതലത്തിലുള്ള ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാൻ സഹായിക്കുമെന്നാണ് എസ്.ഐ.ടിയുടെ പ്രതീക്ഷ.
അതിനിടെ, പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, ബെല്ലാരിയിലെ സ്വർണ്ണവ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇവർക്ക് സ്വർണ്ണക്കവർച്ചയിൽ മുഖ്യപങ്കുണ്ടെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണസംഘം വാദിക്കാനാണ് സാധ്യത.