ശബരിമല സ്വർണ്ണക്കൊള്ള: സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന 17ന്; അനുമതി നൽകി ഹൈക്കോടതി | Sabarimala

ഉച്ചപൂജയ്ക്ക് ശേഷമാണ് സാമ്പിൾ ശേഖരിക്കുക
sabarimala
Published on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം നവംബർ 17-ന് നടക്കും. സാമ്പിൾ ശേഖരണത്തിന് ഹൈക്കോടതി അനുമതി നൽകി. 17-ന് ഉച്ചപൂജയ്ക്ക് ശേഷമാണ് സാമ്പിൾ ശേഖരിക്കുക. തന്ത്രിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാണ് കോടതി അന്തിമ തീരുമാനമെടുത്തത്.(Sabarimala gold theft case, Scientific examination to be conducted on the 17th)

ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. 2019, 2025 വർഷങ്ങളിലെ ദ്വാരപാലകപ്പാളി, സ്തംഭപ്പാളി എന്നിവ പരിശോധിക്കും. 1998-ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞ സ്തംഭപ്പാളികളുടെ ഭാഗവും പരിശോധനാ വിഷയമാകും.

ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണം പൂശാൻ നൽകാത്ത പാളികളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഈ പരിശോധനകളിലൂടെ നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. കേസിലെ പ്രതികളായ മുരാരി ബാബു, ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവരുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി. പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തത്.

ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളി. ദ്വാരപാലകപ്പാളി കേസിൽ നാലാം പ്രതിയാണ് ജയശ്രീ. പാളികൾ കൊടുത്തുവിടാനുള്ള ദേവസ്വം ബോർഡ് മിനുട്ട്‌സിൽ 'ചെമ്പു പാളികൾ' എന്ന് തിരുത്തൽ വരുത്തിയത് ജയശ്രീയാണെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്തേക്കും.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 2019-ലെ വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. എൻ. വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ, അദ്ദേഹത്തിൻ്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്ന ശ്യാം പ്രകാശിനെയാണ് സ്ഥലം മാറ്റിയത്.

Related Stories

No stories found.
Times Kerala
timeskerala.com