കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായകമായ ശാസ്ത്രീയ തെളിവുകൾ കോടതിയിലെത്തി. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടത്തിയ 15 ഓളം സാമ്പിളുകളുടെ പരിശോധനാ ഫലമാണ് സീൽ ചെയ്ത കവറിൽ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്.(Sabarimala gold theft case, Scientific examination report submitted to court)
ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങൾ, കട്ടിളപാളി എന്നിവയുടെ സാമ്പിളുകൾ ആണ് ഇത്. സ്വർണ്ണം പൂശിയ നിലയിൽ കണ്ടെത്തിയ ചെമ്പു പാളികളുടെ ഗുണനിലവാരവും പഴക്കവും പരിശോധിച്ചു. പാളികളിൽ എത്രത്തോളം സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്നും അതിൽ എന്തെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നും അറിയാനാണ് വി.എസ്.എസ്.സിയുടെ സഹായം തേടിയത്.
ശബരിമലയിൽ പഴയ സ്വർണ്ണപ്പാളികൾ മാറ്റി പുതിയവ സ്ഥാപിച്ചപ്പോൾ വൻതോതിൽ സ്വർണ്ണം കടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പിടിച്ചെടുത്ത വസ്തുക്കളിൽ യഥാർത്ഥത്തിൽ സ്വർണ്ണമുണ്ടോ അതോ മറ്റേതെങ്കിലും ലോഹമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഈ റിപ്പോർട്ട് സഹായിക്കും.