തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി നവംബർ 27 വരെ നീട്ടി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ പ്രതിയായ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ പിൻവലിച്ചു.(Sabarimala gold theft case, Remand period of Unnikrishnan Potty and Murari Babu extended till November 27)
മറ്റൊരു പ്രതിയായ എൻ. വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. കൊല്ലം വിജിലൻസ് കോടതി അവധിയായതിനാലാണ് പ്രതികളെ തിരുവനന്തപുരത്ത് ഹാജരാക്കിയത്.
കേസന്വേഷണത്തിന് നിർണായകമായേക്കാവുന്ന ശാസ്ത്രീയ പരിശോധനകൾക്കായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) തന്ത്രിയുടെ അനുമതി തേടി. ദേവസ്വം ബോർഡ് വഴിയാണ് തന്ത്രിയോട് അനുവാദം തേടിയത്. ദ്വാരപാലക ശിൽപങ്ങളിൽ നിലവിലുള്ള പാളികൾ, കട്ടിളപ്പാളികൾ എന്നിവയുടെ ശാസ്ത്രീയ പരിശോധന നടത്താൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി.യുടെ നീക്കം.
സ്വർണ്ണക്കൊള്ള കേസിൽ തെളിവുകൾ ശക്തമാക്കാൻ, ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം പൂശിക്കൊണ്ടുവന്ന തകിടുകളിലും നിലവിലെ തീർത്ഥാടന കാലത്ത് സ്ഥാപിച്ച പാളികളിലും പരിശോധന നടത്തും. കേസിൽ ദേവസ്വം മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ എസ്.ഐ.ടി. ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിൻ്റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയിരുന്നു.
കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് തള്ളി. തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കാട്ടിയാണ് ജയശ്രീ കോടതിയെ സമീപിച്ചത്. സമാന ഉള്ളടക്കത്തോടെയുള്ള ഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. മുൻകൂർ ജാമ്യം തള്ളിയതോടെ ജയശ്രീയുടെ അറസ്റ്റ് ഉടനുണ്ടായേക്കും.