ശബരിമല സ്വർണക്കൊള്ള കേസ്: രമേശ് ചെന്നിത്തലയുടെ മൊഴിയെടുപ്പ് മാറ്റി; SIT ഉദ്യോഗസ്ഥർക്ക് അസൗകര്യം, EDയുടെ അപേക്ഷ 17ന് പരിഗണിക്കും | Sabarimala

എസ്ഐടി കൂടുതൽ സമയം തേടിയിട്ടുണ്ട്
Sabarimala gold theft case, Ramesh Chennithala's statement recording postponed
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക വിവരങ്ങൾ കൈമാറാനുണ്ടെന്ന് അവകാശപ്പെട്ട രമേശ് ചെന്നിത്തലയുടെ മൊഴിയെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കുണ്ടായ അസൗകര്യമാണ് മൊഴിയെടുപ്പ് മാറ്റിവെക്കാൻ കാരണമായത്.(Sabarimala gold theft case, Ramesh Chennithala's statement recording postponed)

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കാനുള്ള നീക്കം. വിഷയവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തല തന്നെയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ അറിയിച്ചത്. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്ന് മൊഴിയെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് മാറ്റുകയായിരുന്നു.

ഒരു വ്യവസായിയിൽ നിന്നാണ് കേസിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. "സ്വർണ്ണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യവസ്തുവായി വിറ്റു എന്ന് വ്യവസായി തന്നോട് പറഞ്ഞു. രഹസ്യമൊഴി നൽകാൻ അദ്ദേഹം തയ്യാറാണ്," ചെന്നിത്തല വ്യക്തമാക്കി. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കരിഞ്ചന്തയിൽ ഏകദേശം 500 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ചെന്നിത്തലയുടെ പ്രധാന ആരോപണം.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17-ലേക്ക് മാറ്റി. കേസ് രേഖകൾ ഇ.ഡിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് രേഖാമൂലം മറുപടി നൽകാൻ എസ്ഐടി കൂടുതൽ സമയം തേടിയിട്ടുണ്ട്. കേസ് രേഖകൾ ഇ.ഡിക്കു കൈമാറുന്നതിനോട് എസ്ഐടി നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com