Sabarimala gold theft case, Officer who handled 2019 files transferred after forced leave

ശബരിമല സ്വർണ്ണക്കൊള്ള കേസ്: 'ചെമ്പായ' ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം | Sabarimala

എ. പത്മകുമാറിനെ എസ്.ഐ.ടി. ഉടൻ ചോദ്യം ചെയ്യും.
Published on

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായകമായ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. 2019-ലെ വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ശ്യാം പ്രകാശിനാണ് ദേവസ്വം വിജിലൻസിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ചത്.(Sabarimala gold theft case, Officer who handled 2019 files transferred after forced leave)

എൻ. വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ, വാസുവിൻ്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്നു ശ്യാം പ്രകാശ്. നിലവിൽ ദേവസ്വം വിജിലൻസ് തിരുവനന്തപുരം സോൺ ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.

സ്വർണം 'ചെമ്പായ' ഫയലുകൾ കൈകാര്യം ചെയ്തത് ശ്യാം പ്രകാശായിരുന്നു. ഇദ്ദേഹത്തെ ദേവസ്വം വിജിലൻസിൽ നിന്ന് വർക്കല ഗ്രൂപ്പിലേക്ക് വർക്കല അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണറായിട്ടാണ് സ്ഥലംമാറ്റിയത്. സ്വർണ്ണക്കൊള്ള അന്വേഷണം ആരംഭിച്ച ശേഷമാണ് വിജിലൻസ് എസ്.പി. ഈ ഉദ്യോഗസ്ഥൻ തൻ്റെ ഓഫീസിൽ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തുടർന്ന് എസ്.പി. നിർബന്ധിത അവധിയിൽ പോകാൻ ശ്യാം പ്രകാശിന് നിർദ്ദേശം നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിൻ്റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി എസ്.ഐ.ടി. വിവരങ്ങൾ തേടിയിട്ടുണ്ട്. കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് വിധി പറയും. പത്തനംതിട്ട ജില്ലാ കോടതി ഉച്ചയ്ക്ക് ശേഷമാകും വിഷയം പരിഗണിക്കുക. ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു.

തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എസ്. ജയശ്രീ കോടതിയെ സമീപിച്ചത്. സമാനമായ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

Times Kerala
timeskerala.com