തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ പുതുതായി അറസ്റ്റിലായ മുരാരി ബാബുവിനെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിൻ്റെ സാന്നിധ്യത്തിലാകും നിർണായകമായ ഈ ചോദ്യം ചെയ്യൽ.(Sabarimala gold theft case, Murari Babu and Unnikrishnan Potty will be questioned together)
സ്വർണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്ന മുരാരി ബാബുവിനെ ഇന്ന് തന്നെ റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. നിലവിൽ വൈദ്യ പരിശോധന പൂർത്തിയായിട്ടുണ്ട്.
അറസ്റ്റും ചോദ്യം ചെയ്യലും
ഇന്നലെ രാത്രി പത്ത് മണിയോടെ ചങ്ങനാശേരി പെരുന്നയിലെ വീട്ടിൽ നിന്നാണ് മുരാരി ബാബുവിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. അർധരാത്രിയോടെ തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
രണ്ട് കേസുകളിലും മുരാരി ബാബു രണ്ടാം പ്രതിയാണ്. ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അറസ്റ്റ്. സ്വർണപ്പാളിയിൽ മാത്രം അന്വേഷണം ഒതുക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
ഗൂഢാലോചനയ്ക്ക് തെളിവ്
1998-ൽ ചെമ്പ് പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നു എന്ന് ധാരണയുണ്ടായിട്ടും, 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനായി ഇത് ചെമ്പ് പാളിയെന്ന് മുരാരി ബാബു രേഖയുണ്ടാക്കിയതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.
കൂടാതെ, ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിലേക്ക് ദേവസ്വം പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്വർണപ്പാളികൾ എത്തിക്കുന്നതിന് 2024-ലും മുരാരി ബാബു മുൻകൈ എടുത്തെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
മുരാരി ബാബുവിൽ മാത്രം അന്വേഷണം ഒതുങ്ങില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമെന്ന സൂചനയാണിത്.
അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതി ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ്
ശബരിമല സ്വർണക്കൊള്ളക്കേസ് ഗൂഢാലോചനയിൽ എല്ലാവരും പങ്കാളികളാണെന്നും, ഈ കേസിൽ അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതി ചേർക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിലവിലെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവെക്കണമെന്നും ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഗൂഢാലോചന നടത്തിയ സംഘത്തിലെ ആളാണ് മുരാരി ബാബു. ഗൂഢാലോചന നടത്തിയവരിൽ 2019-ലെ ദേവസ്വം ബോർഡ് പ്രസിഡന്റും മെമ്പർമാരും ഉണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും മന്ത്രിക്കും സ്വർണ്ണക്കടത്തിൽ പങ്കുണ്ട്. ഈ കേസ് ശരിയായി അന്വേഷിച്ചാൽ അവരും പ്രതികളാകും," വി.ഡി. സതീശൻ പറഞ്ഞു.
തങ്ങൾ നേരത്തെ ഉന്നയിച്ച ഊഹങ്ങൾ എല്ലാം ശരിയായിരുന്നുവെന്നും, ആദ്യം ഇത് 'ആഗോള സംഗമം പൊളിക്കാനുള്ള ഗൂഢാലോചന' എന്ന നിലയിൽ പ്രതിപക്ഷത്തിൻ്റെ മുകളിൽ കെട്ടിവയ്ക്കാൻ ശ്രമം നടന്നു എന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ വിമർശനം
കൂടാതെ, സർവീസിൽനിന്ന് പിരിച്ചുവിട്ട പോലീസുകാരുടെ എണ്ണം സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും വി.ഡി. സതീശൻ ആരോപിച്ചു. 2016 മുതൽ 144 പോലീസുകാരെ പിരിച്ചുവിട്ടു എന്നാണ് മുഖ്യമന്ത്രി പറഞ്ഞ കണക്ക്. എന്നാൽ, വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ആകെ 14 പേരെ മാത്രമാണ് പിരിച്ചുവിട്ടതെന്നാണ് പോലീസ് ആസ്ഥാനത്തെ കണക്ക്.
"സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ടു എന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് കോൺഗ്രസ് എം.പി.യുടെ (ഷാഫി പറമ്പിൽ) തലയ്ക്ക് അടിപ്പിക്കുന്നു. ഷാഫി പറമ്പിലിനെതിരെ നടന്ന ആക്രമണത്തിലും ഗൂഢാലോചനയുണ്ട്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഇതിനു കൂടി മറുപടി പറയണം," വി.ഡി. സതീശൻ ആവശ്യപ്പെട്ടു.