കൊല്ലം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിപ്പട്ടികയിലുള്ള പ്രമുഖർക്കെതിരെ കോടതി നിലപാട് കടുപ്പിക്കുന്നു. മുൻ ദേവസ്വം അംഗം കെ പി ശങ്കർദാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ വരുന്ന വെള്ളിയാഴ്ചയിലേക്ക് കോടതി മാറ്റി.(Sabarimala gold theft case, KP Shankardas' anticipatory bail plea postponed)
തന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കർദാസ് ജാമ്യം തേടുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ചികിത്സാ രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോടതി നടപടി നീട്ടിയത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക ശില്പ കേസ്, കട്ടിളപാളി കേസ് എന്നിവയിൽ നൽകിയ ജാമ്യാപേക്ഷകൾ കോടതി തള്ളി. പ്രതി രണ്ടര മാസമായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്തു. കേസിൽ തൊണ്ടിമുതലുകൾ വീണ്ടെടുക്കുന്നതും തെളിവുകൾ ശേഖരിക്കുന്നതും ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.