ശബരിമല സ്വർണ്ണക്കൊള്ള കേസ്: KP ശങ്കരദാസിൻ്റെ റിമാൻഡ് നടപടികൾ ഇന്ന്; ജഡ്ജി ആശുപത്രിയിൽ എത്തും | Sabarimala
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന് നടക്കും. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശങ്കരദാസിനെ കാണാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി നേരിട്ടെത്തി നടപടികൾ പൂർത്തിയാക്കും. ഇതിനുശേഷം അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.(Sabarimala gold theft case, KP Shankaradas' remand proceedings today)
ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. പ്രതി ചേർത്ത അന്ന് മുതൽ ഒരാൾ ആശുപത്രിയിൽ കഴിയുകയാണെന്നും, പ്രതിയുടെ മകൻ എസ്.പി ആയതിനാലാണോ അറസ്റ്റ് വൈകുന്നതെന്നും ജസ്റ്റിസ് ചോദിച്ചിരുന്നു.
കേസിൽ ജ്വല്ലറി വ്യാപാരി ഗോവർധൻ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ ഇടപെടൽ. കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ ഇന്നലെ രാത്രിയോടെയാണ് പ്രത്യേക അന്വേഷണ സംഘം ആശുപത്രിയിലെത്തി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രോസിക്യൂട്ടർ മുഖേന അറസ്റ്റ് വിവരം ഇന്നലെത്തന്നെ കോടതിയെ അറിയിച്ചിരുന്നു.
