ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ; തന്ത്രിയുടെ ജാമ്യാപേക്ഷയിലും വിധി ഇന്ന് | Sabarimala

ശാസ്ത്രീയ പരിശോധനാ ഫലം നിർണായകം
Sabarimala gold theft case, Investigation progress report in High Court today
Updated on

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണായകമായ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികളിൽ നടത്തിയ ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.(Sabarimala gold theft case, Investigation progress report in High Court today)

ശ്രീകോവിലിന് മുന്നിലെ സ്വർണ്ണപ്പാളികളിൽ നിന്ന് വൻതോതിൽ സ്വർണ്ണം നഷ്ടപ്പെട്ടതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ സ്വർണ്ണപ്പാളികളാണോ എന്ന ചോദ്യത്തിന് ഇന്ന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉത്തരമുണ്ടാകും. കേസിൽ തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിന് ശേഷമുള്ള തുടർനടപടികളും ഹൈക്കോടതിയെ അറിയിക്കും.

2012-ലെ ബോർഡ് ഉത്തരവ് ലംഘിച്ചുകൊണ്ട് വാജി വാഹനം കൈമാറിയതിൽ അന്വേഷണത്തിൽ കോടതി ഇന്ന് നിർദ്ദേശം നൽകിയേക്കും. എന്നാൽ, അഡ്വക്കേറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം നടന്നതെന്ന രേഖകൾ പുറത്തുവന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയായിട്ടുണ്ട്.

കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. തന്ത്രിക്ക് കൊള്ളയിൽ പങ്കില്ലെന്നും റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിചിത്രമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അതേസമയം, കട്ടിളപ്പാളി കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയും വിജിലൻസ് കോടതിയുടെ പരിഗണനയ്ക്ക് വരും.

Related Stories

No stories found.
Times Kerala
timeskerala.com