തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് നേരത്തെ സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിരുന്നു.(Sabarimala gold theft case, High Court to consider Jayashree's anticipatory bail plea again today)
സ്വർണ്ണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും, മേലുദ്യോഗസ്ഥന്റെ നിർദ്ദേശമനുസരിച്ച് ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് ജയശ്രീ വാദിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ജയശ്രീയുടെ ആവശ്യം. ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.
അതേസമയം, ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഏകദേശം പത്ത് മണിക്കൂറോളം നീണ്ട പരിശോധന ഇന്ന് പുലർച്ചയോടെയാണ് അവസാനിച്ചത്.