ശബരിമല സ്വർണക്കൊള്ള കേസ് : മുൻ ദേവസ്വം കമ്മീഷണർ N വാസുവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി; ഉന്നത ഗൂഢാലോചന വെളിച്ചത്ത് | Sabarimala

സ്വർണ്ണ കട്ടിളപ്പാളി കേസിൽ എൻ. വാസുവാണ് മൂന്നാം പ്രതി
ശബരിമല സ്വർണക്കൊള്ള കേസ് : മുൻ ദേവസ്വം കമ്മീഷണർ N വാസുവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി; ഉന്നത ഗൂഢാലോചന വെളിച്ചത്ത് | Sabarimala
Published on

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് എൻ. വാസുവിന്റെ പങ്ക് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വെളിപ്പെടുത്തിയത്.(Sabarimala gold theft case, Former Devaswom Commissioner N Vasu included in the accused list)

സ്വർണ്ണ കട്ടിളപ്പാളി കേസിൽ എൻ. വാസുവാണ് മൂന്നാം പ്രതി. 2019-ൽ മുൻ ദേവസ്വം കമ്മീഷണറുടെ ശുപാർശ പ്രകാരം സ്വർണം ചെമ്പായി രേഖപ്പെടുത്തി. ഈ കാലയളവിൽ എൻ. വാസുവായിരുന്നു കമ്മീഷണർ.

കേസിലെ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിക്കും. തട്ടിപ്പിൽ ഉന്നതരുടെ കൂടുതൽ ഇടപെടലുകൾ റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് സൂചന.

ശബരിമല സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത് മൂന്നു പേരെയാണ്. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവരാണവർ. രണ്ടാമത്തെ കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി നിലവിൽ കസ്റ്റഡിയിലാണ്. എൻ. വാസുവിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വർണം ചെമ്പായി രേഖപ്പെടുത്തിയതിലും സ്വർണം വിറ്റഴിച്ചതിലും ദേവസ്വം ബോർഡിലുണ്ടായിരുന്ന ആർക്കൊക്കെ അറിവുണ്ടായിരുന്നു എന്ന കാര്യത്തിൽ എസ്ഐടിക്ക് വ്യക്തത വന്നിട്ടുണ്ട്. ഉന്നത ഗൂഢാലോചനയാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കൊണ്ടുപോയി നടത്തിയ തെളിവെടുപ്പിൽ കാണാതായതിന് സമാനമായ അളവിലുള്ള സ്വർണം കണ്ടെടുത്തിട്ടുണ്ട്. സ്വർണം വേർതിരിച്ചെടുത്ത ശേഷം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റഴിച്ചിരുന്നു.

ശേഷിച്ച സ്വർണം നിർധനയായ പെൺകുട്ടിയുടെ വിവാഹത്തിനായി ഉപയോഗിക്കാൻ അനുമതി തേടി പോറ്റി കത്തെഴുതുമ്പോൾ എൻ. വാസുവായിരുന്നു ദേവസ്വം പ്രസിഡന്റ്. ഈ കത്ത് അദ്ദേഹം തുടർ നടപടിക്കായി അയച്ചത് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായ സുധീഷ് കുമാറിനാണ്. പിന്നീട് ഇതേ സുധീഷ് കുമാർ വാസുവിന്റെ പിഎയായി മാറിയെന്നതും ശ്രദ്ധേയമാണ്. ബാക്കി സ്വർണം എന്തു ചെയ്യണമെന്ന് ആവശ്യപ്പെട്ട കത്തിൽ തുടർനടപടികൾ എന്തായെന്ന് അറിയില്ലെന്നാണ് വാസു മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ സുധീഷ് കുമാർ നൽകിയ മൊഴി കേസിൽ നിർണ്ണായകമാകും.

Related Stories

No stories found.
Times Kerala
timeskerala.com