

തിരുവനന്തപുരം: ശബരിമലയിലെ ശ്രീകോവിലുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണ മോഷണക്കേസിലാണ് വാസുവിനെ മൂന്നാം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീകോവിലിൻ്റെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവിൻ്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന് എസ്.ഐ.ടി. കണ്ടെത്തി.കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതും എൻ. വാസുവിൻ്റെ ശുപാർശയിലാണെന്ന് എസ്.ഐ.ടി.യുടെ കണ്ടെത്തലിലുണ്ട്. ഈ സമയത്ത് വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു.ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവർ വാസുവിനെതിരെ മൊഴി നൽകിയിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻ. വാസുവിന് അറിയാമായിരുന്നെന്ന് സുധീഷ് കുമാർ മൊഴി നൽകിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.ചൊവ്വാഴ്ച ഇഞ്ചക്കലിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രേഖകളിൽ തിരുത്തൽ വരുത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വാസുവിന് മറുപടിയുണ്ടായിരുന്നില്ല. ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചത്.റാന്നി കോടതിക്ക് അവധിയായതിനാൽ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാണ് വാസുവിനെ ഹാജരാക്കുന്നത്.