പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിച്ചത്. കട്ടിളപ്പാളി, സ്വർണപ്പാളി കേസുകളിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.(Sabarimala gold theft case, Former Devaswom Board executive officer remanded for 14 days)
ഇന്നലെ വൈകിട്ടാണ് പ്രത്യേക അന്വേഷണ സംഘം സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങൾ കൈമാറുന്ന സമയത്ത് സുധീഷ് കുമാറായിരുന്നു ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ. ദ്വാരപാലകരുടെ ശിൽപങ്ങളിലെ പാളികൾ സ്വർണം പൊതിഞ്ഞതാണെന്ന് അറിഞ്ഞിട്ടും, രേഖകളിൽ അത് 'ചെമ്പ് പാളികൾ' എന്ന് രേഖപ്പെടുത്തിയത് സുധീഷ് കുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മഹസറിൽ കൃത്രിമം കാട്ടുകയും ചെയ്തുകൊണ്ട് പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം തട്ടിയെടുക്കാൻ സുധീഷ് കുമാർ അവസരം നൽകിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക നിഗമനം. പാളികൾ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയല്ലായിരുന്നിട്ടും, മഹസറിൽ അദ്ദേഹത്തിൻ്റെ പേര് എഴുതിച്ചേർത്തതും സുധീഷ് കുമാറാണെന്നതിന് തെളിവുകൾ ലഭിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറായി അംഗീകരിക്കുന്നതിനുള്ള ശുപാർശ സുധീഷ് ദേവസ്വം ബോർഡിന് സമർപ്പിച്ചതിലും ഗൂഢാലോചനയുണ്ടെന്ന് എസ്.ഐ.ടി. (പ്രത്യേക അന്വേഷണ സംഘം) സംശയിക്കുന്നു. സ്വർണം മോഷ്ടിക്കാൻ മുരാരി ബാബുവിനൊപ്പം ചേർന്ന് ഇദ്ദേഹം സഹായം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.