തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പിൽ സ്വർണ്ണാഭരണങ്ങളും സുപ്രധാന തെളിവുകളും കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ഇയാളെ തിരികെ എത്തിച്ചു. ബെംഗളൂരു കേന്ദ്രീകരിച്ച് പോറ്റി നടത്തിയ കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ രേഖകളും കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു.(Sabarimala gold theft case, Evidence collection completed in Bengaluru and Chennai)
ബെള്ളാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം നടത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. റോഡ് മാർഗമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചെന്നൈയിലെത്തിച്ചത്.
ഗൂഢാലോചനയുടെ പ്രധാന കേന്ദ്രമായ സ്മാർട്ട് ക്രിയേഷൻസിലടക്കം ചെന്നൈയിൽ മൂന്നിടങ്ങളിൽ പോറ്റിയുമായി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. പ്രത്യേക സംഘത്തിലെ ഒരു ടീം ബെള്ളാരിയിലെത്തി സ്വർണ്ണവ്യാപാരി ഗോവർദ്ധനനെ ചോദ്യം ചെയ്തു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഒഴിവാക്കിക്കൊണ്ടായിരുന്നു ബെല്ലാരിയിലെ തെളിവെടുപ്പ്. പോറ്റിയുമായി ഗോവർദ്ധൻ നടത്തിയ പണമിടപാടുകളുടെ രേഖകളും കസ്റ്റഡിയിലെടുത്തു.
അന്വേഷണ സംഘത്തിലെ മറ്റൊരു ടീം ബംഗളൂരുവിലെ പോറ്റിയുടെ വീട്ടിലും പരിശോധന നടത്തി. ഇവിടെ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങളും നാണയങ്ങളും കസ്റ്റഡിയിലെടുത്തു. പോറ്റിയും അദ്ദേഹത്തിന്റെ സഹ സ്പോൺസറായിരുന്ന രമേഷ് റാവുവും ഗോവർദ്ധനനും അനന്തസുബ്രഹ്മണ്യവും ചേർന്ന് കെട്ടിടങ്ങളും ഭൂമിയും വാങ്ങിക്കൂട്ടിയതിന്റെ രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളൂരുവിലെ ഈ അഞ്ചംഗ സംഘത്തിനെ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. ദ്വാരപാലക പാളികൾ കൊണ്ടുപോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയെന്നാണ് വിവരം.
വൈകിട്ട് നാലരയോടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള അന്വേഷണ സംഘം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. കസ്റ്റഡിയിലെടുത്ത സ്വർണമടക്കമുള്ള തെളിവുകൾ ഓഫീസിലെത്തിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇവ കോടതിയിൽ ഹാജരാക്കും.