ശബരിമല സ്വർണ്ണക്കൊള്ള കേസ്: കള്ളപ്പണ ഇടപാടിൽ ED ഇന്ന് കേസെടുക്കും; സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം, A പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ | Sabarimala

ഇത് പ്രതികൾക്ക് കനത്ത തിരിച്ചടിയാകും
Sabarimala gold theft case, ED to file case in black money transaction today
Updated on

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യും. പോലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആറിന് സമാനമായ നടപടിയാണിത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതോടെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള കർശന നടപടികളിലേക്ക് ഇഡി കടക്കും.(Sabarimala gold theft case, ED to file case in black money transaction today)

കേസിലെ പ്രധാന പ്രതികളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം നടക്കുക. ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ ഇഡി സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. ഇവർ തമ്മിൽ നടത്തിയിട്ടുള്ള പണമിടപാടുകൾ, ബാങ്ക് രേഖകൾ, ബിനാമി ആസ്തികൾ എന്നിവയെക്കുറിച്ചുള്ള പ്രാഥമിക രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ട്.

കൊച്ചി അഡീഷണൽ ഡയറക്ടർ രാകേഷ് കുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികൾ സ്വർണ്ണക്കവർച്ചയിലൂടെ സമ്പാദിച്ച പണം എവിടെയൊക്കെ നിക്ഷേപിച്ചു എന്നും, ഈ തുക ഉപയോഗിച്ച് നിയമവിരുദ്ധമായി സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കും. കവർച്ചാ കേസിലെ ക്രിമിനൽ നടപടികൾക്ക് പുറമെ, സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഇഡി കൂടി ഇടപെടുന്നത് പ്രതികൾക്ക് കനത്ത തിരിച്ചടിയാകും.

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ അറസ്റ്റിലായ പ്രമുഖരുടെ ജാമ്യാപേക്ഷകളിൽ ഇന്ന് കോടതികൾ വിധി പറയും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, സ്വർണ്ണവ്യാപാരി നാഗ ഗോവർദ്ധൻ എന്നിവരുടെ ഹർജികൾ ഹൈക്കോടതിയും, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെ ഹർജി കൊല്ലം വിജിലൻസ് കോടതിയുമാണ് പരിഗണിക്കുന്നത്.

ജസ്റ്റിസ് എ. ബദറുദ്ദിൻ മുൻപാകെയാണ് പത്മകുമാറിന്റെയും ഗോവർദ്ധന്റെയും വാദം നടക്കുക. തങ്ങൾക്ക് ഈ കൊള്ളയിൽ പങ്കില്ലെന്നാണ് ഇരുവരുടെയും വാദമെങ്കിലും പ്രത്യേക അന്വേഷണ സംഘം (SIT) ഇതിനെ ശക്തമായി എതിർക്കുന്നു. പത്മകുമാർ നൽകിയ മൊഴികളും എസ്.ഐ.ടി കണ്ടെത്തിയ തെളിവുകളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, നാഗ ഗോവർദ്ധൻ എന്നിവരുമായി ചേർന്ന് തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും പത്മകുമാർ ഗൂഢാലോചന നടത്തിയെന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് സത്യവാങ്മൂലം. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെ ജാമ്യാപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കുന്നത്. സ്വർണ്ണപ്പാളികൾ ശബരിമലയിൽ നിന്ന് കൊണ്ടുപോകുമ്പോഴും തിരികെ എത്തിക്കുമ്പോഴും ശ്രീകുമാർ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ. മേലുദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്ന ശ്രീകുമാറിന്റെ വാദം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികളിൽ ആർക്കും ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. ശബരിമലയിലെ പവിത്രമായ ആഭരണങ്ങളും സ്വർണ്ണപ്പാളികളും കടത്തിയതിലൂടെ നടന്ന വലിയ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ പ്രതികളെ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് അന്വേഷണ സംഘം.

Related Stories

No stories found.
Times Kerala
timeskerala.com