തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേഗത്തിലാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) കേസെടുത്ത ഇഡി, പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നാണ് വിവരം.(Sabarimala gold theft case, ED intensifies investigation)
പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്ത എല്ലാവരെയും ഉൾപ്പെടുത്തി ഇഡി കൊച്ചി യൂണിറ്റ് ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ അറസ്റ്റിലായ 13-ാം പ്രതി തന്ത്രി കണ്ഠരര് രാജീവരും ഇഡിയുടെ പ്രതിപ്പട്ടികയിൽ ഉണ്ടാകും.
കൊള്ളയിലൂടെ ഉണ്ടായ ആകെ സാമ്പത്തിക നഷ്ടം കണക്കാക്കി, അതിന് തുല്യമായ മൂല്യമുള്ള പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. 2019-ലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിലാണ് പ്രാഥമിക അന്വേഷണമെങ്കിലും, 2025 വരെയുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഇഡിയുടെ നിരീക്ഷണത്തിലുണ്ടാകും.