ശബരിമല സ്വർണക്കൊള്ള കേസ്: ED കേസെടുത്തു; ECIR രജിസ്റ്റർ ചെയ്തു | Sabarimala

സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
Sabarimala gold theft case, ED files case, ECIR registered
Updated on

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും ശ്രീകോവിൽ വാതിലുകളിലും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന കണ്ടെത്തലിനെത്തുടർന്ന് ഇഡി കേസെടുത്തു. ഇ സി ഐ ആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Sabarimala gold theft case, ED files case, ECIR registered)

അന്വേഷണത്തിന് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വിവിധ ഘട്ടങ്ങളിലെ സ്വർണ്ണപ്പണികൾ ഉൾപ്പെടുത്തി ഒറ്റ കേസായി ആയിരിക്കും ഇഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്.ഐ.ആറിലുള്ള എല്ലാ പ്രതികളെയും ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണപ്പണി ഏറ്റെടുത്ത കരാറുകാർ മുതൽ ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർ വരെ അന്വേഷണ പരിധിയിൽ വരും.

കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറുകളും നിർണ്ണായക രേഖകളും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇഡി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ അനുകൂല ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് ഔദ്യോഗികമായി ഇസിഐആർ രജിസ്റ്റർ ചെയ്തത്. സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് നടന്ന കോടിക്കണക്കിന് രൂപയുടെ വിദേശ പണമിടപാടുകളും ഹവാല സാധ്യതകളും ഇഡി പരിശോധിക്കും. ഉദ്യോഗസ്ഥരുടെ ബിനാമി സ്വത്തുക്കളെക്കുറിച്ചും അന്വേഷണം ഉണ്ടാകും.

പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർധൻ എന്നിവർക്ക് പുറമെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുൻ ഉന്നത ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്തേക്കും. 1998 മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ശബരിമലയിൽ നടന്ന സ്വർണ്ണപ്പണികളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കും.

ഇസിഐആർ രജിസ്റ്റർ ചെയ്തതോടെ, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതെന്ന് കരുതുന്ന പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള അധികാരം ഇഡിക്ക് ലഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com