കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നാടകീയമായ വശങ്ങൾ പുറത്തുകൊണ്ടുവരുന്ന അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും മോഷണത്തിന് ശേഷം ശ്രീകോവിലിൽ തിരികെ സ്ഥാപിച്ചത് യഥാർത്ഥ സ്വർണ്ണപ്പാളികളല്ല, മറിച്ച് ഡ്യൂപ്ലിക്കേറ്റ് പാളികളാണെന്ന വിവരമാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിലുള്ളത് എന്നാണ് സൂചന.(Sabarimala gold theft case, Did Unnikrishnan Potty bring back duplicate layers?)
1999-ൽ സമർപ്പിച്ച യഥാർത്ഥ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ ഘടനയല്ല ഇപ്പോൾ ശ്രീകോവിലിന് മുന്നിലുള്ള പാളികൾക്കെന്ന് കണ്ടെത്തിയെന്നാണ് വിവരം. ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പാളികളിലും സ്വർണ്ണത്തിന്റെ അളവിൽ വലിയ കുറവുണ്ട്. നിലവിൽ 585 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും യഥാർത്ഥ നഷ്ടം ഇതിന്റെ ഇരട്ടിയിലധികമാകാനാണ് സാധ്യതയെന്ന് കരുതുന്നു.
പാളികളുടെ കൃത്യമായ കാലപ്പഴക്കം സംബന്ധിച്ച് വി.എസ്.എസ്.സി റിപ്പോർട്ടിൽ കൂടുതൽ വ്യക്തത ആവശ്യമാണ്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തും. ഈ റിപ്പോർട്ട് എ.ഡി.ജി.പി നേരിട്ട് ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കൂടാതെ വാജി വാഹനത്തിന്റെ കൈമാറ്റം, കൊടിമരം പുനഃസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങളിലെ ദുരൂഹതകളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. അതേസമയം, കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ ജാമ്യാപേക്ഷകളും ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കുന്നുണ്ട്.