തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. നിലവിൽ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന ശങ്കരദാസിനെ ജയിലിലെ ഡോക്ടർ എത്തി പരിശോധിക്കും. ആരോഗ്യനില തൃപ്തികരമെങ്കിൽ അദ്ദേഹത്തെ ജയിലിലേക്കോ അല്ലെങ്കിൽ മെഡിക്കൽ കോളേജിലേക്കോ മാറ്റാനാണ് സാധ്യത.(Sabarimala gold theft case, Decision on shifting KP Shankaradas today)
കേസിൽ അറസ്റ്റിലായ എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന ഇദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുക.
ഭരണസമിതി തീരുമാനങ്ങളിൽ മുൻ പ്രസിഡന്റ് എ. പത്മകുമാറിനാണ് പൂർണ്ണ ഉത്തരവാദിത്തമെന്നും മിനിട്‌സ് തിരുത്തിയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് വിജയകുമാർ പോലീസിന് നൽകിയ മൊഴി. ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.
രൂക്ഷമായ കോടതി വിമർശനത്തിന് പിന്നാലെയാണ് ശങ്കരദാസിനെ എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതി ജഡ്ജി നേരിട്ട് ആശുപത്രിയിലെത്തിയാണ് ശങ്കരദാസിനെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശങ്കരദാസ് സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചികിത്സാ രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജാമ്യഹർജി ഇന്നത്തേക്ക് മാറ്റിയത്.