തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി വെളിപ്പെടുത്തിയ നിഗൂഢ വ്യക്തി 'ഡി മണി'യെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ബാലമുരുകനാണ് ഡി മണിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.(Sabarimala gold theft case, 'D Mani' has been found)
ഇടപാടിലെ പ്രധാന ഇടനിലക്കാരനായ വിരുതനഗർ സ്വദേശി ശ്രീകൃഷ്ണനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ നിർണ്ണായകമായ പല വിവരങ്ങളും ഇവരിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തിനിടെ പ്രവാസി വ്യവസായി നൽകിയ മൊഴിയിലെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
ശബരിമലയിലെ വിഗ്രഹങ്ങൾ കടത്തിയതിന് പിന്നാലെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ഈ സംഘം പദ്ധതിയിട്ടിരുന്നതായി മൊഴിയുണ്ട്. ഇതിനായി വലിയ തുകയുമായി സംഘം ഇപ്പോഴും സജീവമാണെന്നും വ്യവസായി വെളിപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ ബെല്ലാരിയിൽ എസ്ഐടി വീണ്ടും പരിശോധന നടത്തി. അറസ്റ്റിലായ ഗോവർധന്റെ ഉടമസ്ഥതയിലുള്ള 'റൊഡ്ഡം ജ്വല്ലറി'യിലാണ് അഞ്ചംഗ സംഘം പരിശോധന നടത്തിയത്. മുൻപ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് 474 ഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. എന്നാൽ ഇത് താൻ പണം നൽകി വാങ്ങിയതാണെന്നും പോലീസ് പീഡിപ്പിക്കുകയാണെന്നുമാണ് ഗോവർധന്റെ ആരോപണം.
ശബരിമലയിൽ നിന്ന് കവർന്ന യഥാർത്ഥ സ്വർണ്ണപ്പാളികൾ എവിടെയാണെന്ന് കണ്ടെത്തുന്നതിനാണ് പോലീസ് മുൻഗണന നൽകുന്നത്. ഇതിന്റെ ഭാഗമായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി സംഘം തെളിവെടുപ്പ് തുടരുകയാണ്.