

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം നിർണ്ണായക പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് കോടതി ഇന്ന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് മുദ്രവെച്ച കവറിൽ റിപ്പോർട്ട് കൈമാറിയത്. അതേസമയം, നിലവിലെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് അഖില കേരള തന്ത്രി പ്രചാരക് സഭ കോടതിയെ സമീപിച്ചു.(Sabarimala gold theft case, Crucial investigation progress report submitted to the High Court)
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ 14 ദിവസത്തേക്ക് കൂടി കോടതി റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്ന് അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് മാറ്റി. കൊല്ലം വിജിലൻസ് കോടതിയാണ് നടപടി സ്വീകരിച്ചത്.
എൻ. വാസുവിന്റെ ആദ്യ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കൂടുതൽ അന്വേഷണം ആവശ്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് റിമാൻഡ് നീട്ടിയത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില കേരള തന്ത്രി പ്രചാരക് സഭ നൽകിയ ഹർജി പരിഗണിക്കവെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കേസിന്റെ ഗതിയെക്കുറിച്ച് ഹർജിക്കാർക്ക് യാതൊരു ധാരണയുമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികളെ സംരക്ഷിക്കാനാണോ തന്ത്രി സഭ ഇപ്പോൾ ഇത്തരമൊരു ആക്ഷേപവുമായി വന്നിരിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രതികൾ നിരപരാധികളാണെന്നാണോ ഹർജിക്കാരുടെ വാദമെന്നും കോടതി ആരാഞ്ഞു.
സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി ഇതുവരെ 10 ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം കൃത്യമായ മേൽനോട്ടത്തിൽ നടക്കുമ്പോൾ ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിൽ ഒരു യുക്തിയുമില്ലെന്ന് കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി ഫെബ്രുവരി നാലിലേക്ക് മാറ്റി വെച്ചു.
സംസ്ഥാന സർക്കാരിന് കീഴിലുള്ള പോലീസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് തന്ത്രി സമാജം ആരോപിക്കുന്നു. അതിനാൽ നിഷ്പക്ഷമായ അന്വേഷണത്തിന് സിബിഐ തന്നെ വരണമെന്നാണ് ആവശ്യം. തന്ത്രിയുടെ വീട്ടിൽ നിന്ന് 'വാജിവാഹനം' കണ്ടെത്തിയ സംഭവത്തെ സ്വർണ്ണക്കൊള്ളയുമായി ബന്ധിപ്പിക്കുന്നത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനുമാണെന്ന് ഹർജിയിൽ പറയുന്നു.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ പതിപ്പിച്ച സ്വർണ്ണപ്പാളികളിൽ നിന്ന് വൻതോതിൽ സ്വർണ്ണം നഷ്ടപ്പെട്ടതായാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സ്ഥാപിച്ച സ്വർണ്ണപ്പാളികൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പാളികൾ യഥാർത്ഥമാണോ എന്നും അവയിൽ നിന്ന് എത്രത്തോളം സ്വർണ്ണം നഷ്ടപ്പെട്ടുവെന്നുമുള്ള കൃത്യമായ വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. പരിശോധനയിൽ സ്വർണ്ണത്തിന്റെ അളവിൽ വലിയ കുറവ് കണ്ടെത്തിയിട്ടുണ്ട്.
തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിന് ശേഷമുള്ള മൊഴികളും തുടർനടപടികളും എസ്ഐടി കോടതിയെ അറിയിച്ചു. വാജിവാഹനം കൈമാറിയതിൽ അജയ് തറയിൽ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. 2012-ലെ ബോർഡ് ഉത്തരവിന് വിരുദ്ധമായാണ് കൈമാറ്റം നടന്നതെന്നാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ.