തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ സന്ദർശിച്ച ചിത്രം രാഷ്ട്രീയ ആയുധമാക്കി സിപിഎം. തന്ത്രപ്രധാനമായ സുരക്ഷയുള്ള സോണിയ ഗാന്ധിയെ പോറ്റി എങ്ങനെ നേരിൽ കണ്ടു എന്നതിന് കോൺഗ്രസ് മറുപടി പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു.(Sabarimala gold theft case, CPM uses pictures with Sonia Gandhi as a weapon)
ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരിയും കേസിലെ മറ്റൊരു പ്രതിയുമായ ഗോവർദ്ധനൊപ്പമാണ് പോറ്റി സോണിയ ഗാന്ധിയെ കണ്ടതെന്നാണ് വിവരം. ഇത് പൊതുവേദിയിലെടുത്ത ചിത്രമല്ലെന്നും വസതിയിൽ വെച്ച് നടന്ന സ്വകാര്യ കൂടിക്കാഴ്ചയാണെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും ഇത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നുവെന്നും സിപിഎം നേതൃത്വം ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സി.പി.എമ്മിന്റെ തന്ത്രമാണിതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
സ്വർണ്ണക്കവർച്ചാ കേസിലെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സർക്കാരിന്റെ അടവാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കി പുകമറ സൃഷ്ടിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.