കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് തിരിച്ചടി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. ദ്വാരപാലക പാളി കേസിൽ നാലാം പ്രതിയാണ് ജയശ്രീ. ദേവസ്വം ബോർഡ് മിനുട്ട്സിൽ തിരുത്തൽ വരുത്തിയത് ജയശ്രീയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.(Sabarimala gold theft case, Court rejects S Jayashree's anticipatory bail plea)
പാളികൾ കൊടുത്തുവിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്സിലാണ് ജയശ്രീ തിരുത്തുവരുത്തിയത്. മിനുട്ട്സിൽ ചെമ്പു പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ എഴുതിയത്. മുൻകൂർ ജാമ്യഹർജി തള്ളിയതോടെ എസ്. ജയശ്രീയെ അന്വേഷണ സംഘം ഉടൻ അറസ്റ്റ് ചെയ്തേക്കും.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ, കേസിന് ആസ്പദമായ സ്വർണംപൂശിയ പാളികൾ വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) തീരുമാനിച്ചു. ഇതിനായി അന്വേഷണസംഘം ശബരിമല തന്ത്രിക്ക് കത്ത് നൽകി. സ്വർണ്ണപ്പാളികൾ പൂർണമായും മാറ്റിയിട്ടുണ്ടോ, എത്രത്തോളം സ്വർണ്ണം നഷ്ടപ്പെട്ടു എന്നുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
ആചാരപ്രകാരം ഭഗവാനോട് അനുമതി ചോദിച്ചിട്ട് സ്വർണ്ണപ്പാളികൾ പരിശോധിക്കാൻ അനുമതി നൽകാമെന്ന് തന്ത്രി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. നട തുറന്ന ശേഷം ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പരിശോധനയ്ക്ക് അനുമതി നൽകുക.