കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഇതോടെ കേസിൽ അറസ്റ്റിലായ പത്മകുമാർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.(Sabarimala gold theft case, Court rejects A Padmakumar's bail plea)
പത്മകുമാർ തന്റെ ജാമ്യഹർജിയിൽ ഉന്നയിച്ചിരുന്ന പ്രധാന വാദങ്ങളിൽ കൂട്ടുത്തരവാദിത്തത്തെ കുറിച്ചും പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയ വിഷയത്തിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടായിരുന്നു. മിനുട്‌സിൽ 'ചെമ്പ്' എന്ന് എഴുതിയത് എല്ലാവരുടെയും അറിവോടെയാണ് എന്നും അദ്ദേഹം പറയുന്നു.
മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പും പത്മകുമാർ ഹർജിയിലൂടെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഈ വാദങ്ങൾ തള്ളിക്കളഞ്ഞാണ് വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചത്.
സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പോറ്റിയുടെ ജാമ്യഹർജി ഡിസംബർ 18-നാണ് കോടതി പരിഗണിക്കുക.