ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ 'ഇരട്ട ജീവിത'ത്തിൽ ഞെട്ടി ബെംഗളൂരു നിവാസികൾ, ആദ്യ ഭാര്യയുടേത് 'അസ്വാഭാവിക' മരണം | Sabarimala

ശബരിമലയിൽ കീഴ്ശാന്തിയുടെ പരികർമിയായിരുന്ന മേൽവിലാസം ഉപയോഗിച്ചാണ് പോറ്റി ബെംഗളൂരുവിലേക്ക് തിരികെ എത്തുന്നത്
Sabarimala gold theft case, Bengaluru residents shocked by Unnikrishnan Potty's 'double life'
Published on

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വർണ-ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ബെംഗളൂരുവിലെ ശ്രീരാംപുര നിവാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. വൻകിട പലിശ ഇടപാടുകൾ നടത്തിയിരുന്നപ്പോഴും പരിചയക്കാരിൽ നിന്ന് ചെറിയ തുകകൾ കടം വാങ്ങുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം.(Sabarimala gold theft case, Bengaluru residents shocked by Unnikrishnan Potty's 'double life')

എല്ലാവരോടും സൗമ്യമായും ശാന്തമായുമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. 20 വർഷത്തിലേറെയായി ശ്രീരാംപുരയിൽ താമസിക്കുന്ന പോറ്റിയെക്കുറിച്ച് അയൽക്കാർക്ക് ആർക്കും ഒരു സംശയവുമുണ്ടായിരുന്നില്ല.

ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് പോറ്റി താമസിച്ചിരുന്ന വീടിന് എതിർവശത്തുള്ള കോത്താരി മാൻഷൻ അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റിലേക്ക് 2004-ൽ താമസം മാറിയത്. ഇതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം വിവാഹം. ആദ്യ ഭാര്യയുടെ മരണത്തോടെ പോറ്റിക്ക് ശ്രീരാംപുര ക്ഷേത്രത്തിലെ സ്ഥാനവും നഷ്ടപ്പെട്ടു.

ശബരിമലയിൽ കീഴ്ശാന്തിയുടെ പരികർമിയായിരുന്ന മേൽവിലാസം ഉപയോഗിച്ചാണ് പോറ്റി ബെംഗളൂരുവിലേക്ക് തിരികെ എത്തുന്നത്. 'രണ്ടാം ശബരിമല' എന്നറിയപ്പെടുന്ന ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു. 2019 മാർച്ചിൽ ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശി സമർപ്പിച്ചതിന് ശേഷമാണ് അദ്ദേഹം ഈ ജോലിയും ചെയ്തത്.

പോറ്റിയുമായി നടത്തിയ തെളിവെടുപ്പിൽ 576 ഗ്രാം സ്വർണം പിടിച്ചെടുത്തെങ്കിലും, നഷ്ടപ്പെട്ട സ്വർണത്തിൽ ഇനിയും വലിയൊരു ഭാഗം കണ്ടെത്താനുണ്ട്. ബംഗളൂരു, ബെള്ളാരി, ചെന്നൈ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയ അന്വേഷണസംഘം ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തിരിച്ചെത്തി.

അടുത്ത ഘട്ടമായി ശബരിമലയിൽ തെളിവെടുപ്പ് നടത്തിയ ശേഷം, രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങി ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. കണ്ടെടുത്ത സ്വർണമടക്കമുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com