ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും | Sabarimala

വാസുദേവനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും | Sabarimala
Published on

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് മുതൽ തിരുവനന്തപുരം ഈഞ്ചക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു.(Sabarimala gold theft case, Arrest of former executive officer recorded)

ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ സുധീഷ് കുമാറിനെ ഇന്ന് വൈകുന്നേരം റാന്നി കോടതിയിൽ ഹാജരാക്കും. കേസിൽ ഉൾപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ വാസുദേവനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

എസ്.പി. ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. 2019-ൽ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ സുധീഷ് കുമാറായിരുന്നു ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ. സുധീഷ് കുമാർ നടത്തിയ സുപ്രധാന ക്രമക്കേടുകളാണ് പോറ്റിക്ക് സ്വർണം കവരാൻ അവസരമൊരുക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

ശില്പങ്ങളിലെ പാളികൾ 'ചെമ്പ് പാളികൾ' എന്ന് മാത്രമാണ് ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തിയത്. സ്വർണം പൊതിഞ്ഞ പാളികളാണ് കൈമാറുന്നതെന്ന് അറിഞ്ഞിട്ടും 'ചെമ്പ്' എന്ന് തന്നെ രേഖപ്പെടുത്തി. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയാണ് പോറ്റിയെ സ്പോൺസർ ആക്കാമെന്ന ശുപാർശ ബോർഡിന് നൽകിയത്.

സ്വർണപാളികൾ ഇളക്കിയ സമയത്തും ചെമ്പ് എന്ന് തന്നെയാണ് രേഖപ്പെടുത്തിയത്. കൂടാതെ, സ്വർണം ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റി അല്ലാതിരുന്നിട്ടും മഹസറിൽ പോറ്റിയുടെ പേര് എഴുതിയതും സുധീഷ് കുമാറാണ്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, സ്വർണം കവരാൻ മുരാരി ബാബുവിനൊപ്പം ചേർന്ന് സുധീഷ് കുമാർ സഹായം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com