ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഡിസംബർ 8ലേക്ക് മാറ്റി, SITയുടെ റിപ്പോർട്ട് തേടി കോടതി | Sabarimala

ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഡിസംബർ 8ലേക്ക് മാറ്റി, SITയുടെ റിപ്പോർട്ട് തേടി കോടതി | Sabarimala

മറ്റ് അംഗങ്ങളെക്കൂടി പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളാണ് പത്മകുമാർ ഉന്നയിച്ചിരിക്കുന്നത്.
Published on

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങളെക്കൂടി പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളാണ് പത്മകുമാർ ജാമ്യഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കോടതി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ റിപ്പോർട്ട് തേടി.(Sabarimala gold theft case, A Padmakumar's bail application postponed to December 8)

ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപ്പാളികൾ കൈമാറിയതുൾപ്പെടെയുള്ളവ കൂട്ടായെടുത്ത തീരുമാനങ്ങളാണ്. അങ്ങനെയെങ്കിൽ താൻ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ഹർജിയിലെ പ്രധാന ചോദ്യം. മിനുട്സിൽ 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയത് ബോർഡ് അംഗങ്ങൾ എല്ലാവരുടെയും അറിവോടെയാണെന്നും ഹർജിയിൽ പറയുന്നു.

വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരുപോലെ ബാധ്യതയുണ്ടെന്നും, തന്നെ മാത്രം വേട്ടയാടുന്നതിലെ അമർഷം കൂടിയാണ് പത്മകുമാർ ജാമ്യഹർജിയിൽ വ്യക്തമാക്കുന്നത്. ശബരിമല സ്വർണക്കൊള്ള കേസിൽ നാളെ (ബുധനാഴ്ച) നിർണായക ദിവസമാണ്. കേസിന്റെ മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

അന്വേഷണത്തിനായി കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ, അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കൂടുതൽ സമയം ആവശ്യപ്പെടും. മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുള്ള അന്വേഷണ പുരോഗതികൾ നാളെ കോടതിയെ അറിയിക്കും. ശബരിമലയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ അടുത്ത നീക്കവും എസ്.ഐ.ടി. കോടതിയെ അറിയിക്കും. കേസിന്റെ തുടർ നടപടികളിൽ നാളത്തെ ഹൈക്കോടതിയുടെ തീരുമാനം നിർണ്ണായകമാണ്.

Times Kerala
timeskerala.com