ശബരിമല സ്വർണക്കൊള്ള കേസ് : A പത്മകുമാറിനായി SIT ഇന്ന് കസ്റ്റഡി അപേക്ഷ നൽകും, നടപടി സംബന്ധിച്ച് CPMൽ രണ്ട് അഭിപ്രായം, കടകംപള്ളിയെ ചോദ്യം ചെയ്യുമോ ? | Sabarimala

സാക്ഷി എന്ന നിലയിൽ ജയറാമിൻ്റെ മൊഴി രേഖപ്പെടുത്തും.
ശബരിമല സ്വർണക്കൊള്ള കേസ് : A പത്മകുമാറിനായി SIT ഇന്ന് കസ്റ്റഡി അപേക്ഷ നൽകും, നടപടി സംബന്ധിച്ച് CPMൽ രണ്ട് അഭിപ്രായം, കടകംപള്ളിയെ ചോദ്യം ചെയ്യുമോ ? | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ അപേക്ഷ നൽകും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലും മറ്റ് ബന്ധങ്ങളിലും വിശദമായ പരിശോധന നടത്തുന്നതിനാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.(Sabarimala gold theft case, A Padmakumar to be taken into custody by SIT today)

പത്മകുമാറിൻ്റെ മൊഴികളും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഈ കേസിൽ പങ്കുണ്ടോ എന്നതിലുള്ള സൂചനകളും നിർണ്ണായകമാണ്. താൻ പ്രസിഡൻ്റാകുന്നതിനു മുൻപുതന്നെ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ശക്തനായിരുന്നുവെന്നും തന്ത്രി അടക്കമുള്ളവരുമായി പോറ്റിക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്.

കട്ടിളപ്പാളികളിൽ സ്വർണം പൂശാനുള്ള സ്പോൺസർഷിപ്പിനായി പോറ്റിയെ പത്മകുമാർ വഴിവിട്ട് സഹായിച്ചു എന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തൽ. ഇതിനായി ദേവസ്വം ബോർഡ് മിനുട്സുകളിൽ അടക്കം തിരുത്തലുകൾ വരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. പോറ്റി സർക്കാരിനെയും സമീപിച്ചിരുന്നുവെന്ന മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്.

കേസിൽ നിലവിൽ റിമാൻഡിലുള്ള മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ ജാമ്യഹർജിയിലും ഇന്ന് വാദമുണ്ടാകും. പത്മകുമാറിൻ്റെ വിദേശയാത്രകളിലടക്കം അന്വേഷണം വ്യാപിപ്പിക്കാൻ എസ്.ഐ.ടി. നീക്കം നടത്തുന്നുണ്ട്. ഇതിനായി അദ്ദേഹത്തിൻ്റെ പാസ്‌പോർട്ട് പിടിച്ചെടുത്തിട്ടുണ്ട്.

പത്മകുമാറിനൊപ്പം ബോർഡിലുണ്ടായിരുന്ന അംഗങ്ങളായ കെ.പി. ശങ്കരദാസ്, വിജയകുമാർ എന്നിവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. തങ്ങളറിയാതെ പാളികൾ പോറ്റിക്ക് കൈമാറാനായി പത്മകുമാർ സ്വന്തം കൈപ്പടയിൽ രേഖയിൽ തിരുത്തി എന്നാണ് അംഗങ്ങൾ മൊഴി നൽകിയത്. ഈ മൊഴിയാണ് പത്മകുമാറിന് കേസിൽ വലിയ തിരിച്ചടിയായത്.

സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ പത്മകുമാറിൻ്റെ അറസ്റ്റോടെ സി.പി.എം. വലിയ പ്രതിരോധത്തിലാണ്. സർക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷ ബോർഡിലേക്ക് കൈമാറിയെന്ന പത്മകുമാർ നേരത്തെ നൽകിയ സൂചനയാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്കാകുന്നത്.

പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും കടകംപള്ളിയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ എസ്.ഐ.ടി. അന്തിമ തീരുമാനമെടുക്കുക. സ്പോൺസറാകാൻ സന്നദ്ധത പ്രകടിപ്പിച്ച് പോറ്റി, കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നുവെന്ന് പത്മകുമാർ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായാൽ അത് കടകംപള്ളിക്ക് കുരുക്കാകും. സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത്. ദേവസ്വം ബോർഡിൻ്റേത് സ്വതന്ത്ര തീരുമാനമാണ്. ഇതുസംബന്ധിച്ച ഒരു ഫയലും തൻ്റെ മുന്നിൽ വന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിലെ ദേവസ്വം മന്ത്രി വി.എൻ. വാസവനിലേക്കും അന്വേഷണം എത്തുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ശബരിമലയിലെ സ്വർണ്ണപ്പാളി വെച്ച് ഉണ്ണികൃഷ്ണൻ പോറ്റി വൻതോതിൽ പിരിവും തട്ടിപ്പും നടത്തിയെന്ന് എസ്.ഐ.ടി. കണ്ടെത്തിയിട്ടുണ്ട്. പാളികൾ ചെന്നൈയിൽ നടൻ ജയറാം അടക്കമുള്ളവരുടെ വീടുകളിലും കൊണ്ടുപോയിരുന്നു. പാളി വെച്ച് പ്രമുഖരെ പറ്റിച്ചെന്നാണ് എസ്.ഐ.ടി.യുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജയറാം അടക്കമുള്ള വി.ഐ.പി.കളെ ഉണ്ണിക്കൃഷ്ണൻ പോറ്റി പറ്റിച്ചെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ സാക്ഷി എന്ന നിലയിൽ ജയറാമിൻ്റെ മൊഴി രേഖപ്പെടുത്തും.

പത്മകുമാറിനെതിരായ നടപടിയുടെ കാര്യത്തിൽ പാർട്ടിക്കുള്ളിൽ രണ്ട് അഭിപ്രായം. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതനുസരിച്ച് നടപടികളിലേക്ക് കടക്കാം എന്നാണ് നിലവിലെ സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. എന്നാൽ, നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയത്തിൽ നിർണ്ണായകമാകും. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് പങ്കെടുക്കുന്ന ഈ യോഗത്തിൽ പത്മകുമാർ വിഷയവും ചർച്ചയാകും എന്ന് ഉറപ്പാണ്.

തിരഞ്ഞെടുപ്പ് കാലത്ത് സമാനതകളില്ലാത്ത പ്രതിരോധമാണ് ശബരിമല സ്വർണക്കൊള്ള കേസ് സി.പി.എമ്മിന് സൃഷ്ടിച്ചിരിക്കുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റായ പത്മകുമാർ നിലവിൽ റിമാൻഡിലാണ്. അദ്ദേഹത്തിനെതിരായ അനധികൃത ഇടപെടലുകളുടെ വിവരങ്ങൾ അന്വേഷണത്തിൻ്റെ ഭാഗമായി പുറത്തുവരുന്നുമുണ്ട്.

പാർട്ടി നടപടി ഉറപ്പാണെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുമ്പോഴും, നടപടി വൈകുന്നതിനെക്കുറിച്ച് ഒരു വിഭാഗം നേതാക്കൾക്കിടയിൽ ചോദ്യമുയരുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വിവാദത്തിലാക്കിയ വിഷയത്തിൽ നടപടി വേഗത്തിലാക്കണമെന്ന അഭിപ്രായം പത്തനംതിട്ടയിലെ ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കുണ്ട്.

എന്നാൽ, തിടുക്കപ്പെട്ട നടപടി ഗുണം ചെയ്യില്ലെന്ന പക്ഷം സംസ്ഥാന നേതൃനിരയിലെ ചിലർ പരസ്യമായി പങ്കുവെച്ചിട്ടുമുണ്ട്. യുവതീ പ്രവേശന വിവാദത്തിൽ എതിർ നിലപാട് എടുത്തതു മുതൽ പത്മകുമാർ നിലവിൽ പാർട്ടിക്ക് അനഭിമതനാണ്. പ്രാദേശിക വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തി ജില്ലാ കമ്മിറ്റി അംഗമായാണ് നിലവിൽ അദ്ദേഹം പ്രവർത്തിക്കുന്നത്.

കേസിൽ കുടുങ്ങിയവരായാലും കുറ്റാരോപിതരുടെ നിരയിലുള്ളവരായാലും പാർട്ടിയുടെ കൈകൾ ശുദ്ധമെന്നും കുറ്റം തെളിഞ്ഞാൽ നടപടി ഉറപ്പെന്നുമാണ് സി.പി.എം. സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നത്. അതേസമയം, എതിരാളികൾ പത്മകുമാറിൻ്റെ അറസ്റ്റ് വലിയ രാഷ്ട്രീയ പ്രചാരണമാക്കുന്നത് തിരിച്ചടിയാണെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്.

Related Stories

No stories found.
Times Kerala
timeskerala.com