തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനായി വാങ്ങാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇതുസംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും.(Sabarimala gold theft case, A Padmakumar to be taken into custody by SIT)
കേസിൽ പത്മകുമാറിന് തിരിച്ചടിയായത്, ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പിടിച്ചെടുത്ത നിർണായക രേഖകളും ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച മൊഴികളുമാണ്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടലുകൾ അന്വേഷണ സംഘം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിർണായക തെളിവുകൾ നിരത്തിക്കൊണ്ടുള്ള വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്‌ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള കേസ് ആയതിനാൽ, പ്രത്യേക അന്വേഷണ സംഘം കരുതലോടെയാണ് അറസ്റ്റിന് മുൻപുള്ള നീക്കങ്ങൾ നടത്തിയത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോർഡ് അംഗങ്ങളായ എൻ. വാസുവിനെയും മറ്റു ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള മൊഴിയാണ് പത്മകുമാർ നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥർ നൽകിയ രേഖകൾ പ്രകാരമാണ് താൻ തുടർനടപടികൾ സ്വീകരിച്ചതെന്നാണ് പത്മകുമാർ മൊഴി നൽകിയത്.
എന്നാൽ, കേസിലെ പ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയതായി എസ്.ഐ.ടി. കണ്ടെത്തി. ഉണ്ണികൃഷ്‌ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയാണ് പിന്നീട് ദേവസ്വം ബോർഡിന് കൈമാറിയതെന്നാണ് പത്മകുമാർ മൊഴിയിൽ പറയുന്നത്. ഇത് ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയായിരുന്നു എന്നും, സർക്കാർ അനുമതിയോടെയാണ് ഉത്തരവിറക്കിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. സ്വർണക്കൊള്ള കേസിൽ നടന്ന ആറാമത്തെ അറസ്റ്റാണിത്.