ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാർ വീണ്ടും റിമാൻഡിൽ, രണ്ടാമത്തെ കേസിലും പ്രതിചേർത്തു | Sabarimala
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറായ എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. ഈ മാസം 18 വരെയാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിനെ റിമാൻഡ് ചെയ്തത്.(Sabarimala gold theft case, A Padmakumar remanded again)
കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് പത്മകുമാറിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഡിസംബർ 2-ന് ജയിലിലെത്തിച്ച് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തിരുന്നു. പിന്നാലെ, ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ. പത്മകുമാറിനെ പ്രതിചേർത്ത എസ്.ഐ.ടി. അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും പത്മകുമാർ പ്രതിയായി.
പത്മകുമാറിന്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്നതിന് എസ്.ഐ.ടി.ക്ക് തെളിവുകൾ ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്മകുമാറിനെ ചോദ്യം ചെയ്തത്.
രണ്ടാമത്തെ കേസിലും പ്രതിചേർത്ത സാഹചര്യത്തിൽ പത്മകുമാറിനെ എസ്.ഐ.ടി. വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി ഉടൻ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഡിസംബർ 8-ന് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
