പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ സി.പി.ഐ.എം. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കുന്ന കാര്യം ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചചെയ്യും. ഇന്ന് രാവിലെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടാകുന്നത്.(Sabarimala gold theft case, A Padmakumar may be removed from CPM district committee)
സെക്രട്ടേറിയറ്റിൻ്റെ തീരുമാനം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ അറിയിച്ചശേഷം, തുടർനടപടികൾ ജില്ലാ സെക്രട്ടേറിയറ്റ് നടപ്പിലാക്കും. 32 വർഷമായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമാണ് എ. പത്മകുമാർ.
വിഷയം സി.പി.ഐ.എമ്മിനെ ശക്തമായി പ്രതിരോധത്തിലാക്കിയ സ്ഥിതിക്ക്, പാർട്ടി ജില്ലാ കമ്മിറ്റി അംഗത്വത്തിൽനിന്നും മറ്റു ചുമതലകളിൽനിന്നും പത്മകുമാറിനെ താത്കാലികമായി മാറ്റാനാണ് സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന പശ്ചാത്തലത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന.
കേസിലെ എട്ടാംപ്രതിയായ പത്മകുമാറിനെ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എൻ. വാസുവിന് പുറമെ, കേസിൽ അറസ്റ്റിലാകുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ രണ്ടാമത്തെ മുൻ പ്രസിഡന്റാണ് പത്മകുമാർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ആറായി. കൊല്ലം വിജിലൻസ് കോടതി ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് കൊണ്ടുപോയി.