കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ എസ്. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ ജാമ്യാപേക്ഷയും കോടതി തള്ളി.(Sabarimala gold theft case, A Padmakumar made an accused in the second case)
സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019-ൽ ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചയാളാണ് ശ്രീകുമാർ. ശ്രീകുമാറിന്റെ ചോദ്യം ചെയ്യൽ കേസന്വേഷണത്തിൽ നിർണായകമാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ദേവസ്വം ബോർഡിന്റെ നിർദേശ പ്രകാരമാണ് താൻ പ്രവർത്തിച്ചത് എന്നായിരുന്നു ശ്രീകുമാർ കോടതിയിൽ വാദിച്ചത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം. നേതാവുമായ എ. പത്മകുമാറിനെ രണ്ടാമത്തെ കേസിലും പ്രതിചേർത്തു. നേരത്തെ സ്വർണ കട്ടിളപ്പാളി കേസിലാണ് പത്മകുമാറിനെ പ്രതിചേർത്തിരുന്നത്. ഇതോടെ ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും പത്മകുമാർ പ്രതിയായി.
2019-ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വർണം മോഷ്ടിച്ച കേസിലാണ് ഇപ്പോൾ പത്മകുമാറിനെയും പ്രതിചേർത്തിരിക്കുന്നത്. പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടുന്ന ദിവസമായ ഇന്നാണ് രണ്ടാമത്തെ കേസിലും പ്രതിചേർത്തുകൊണ്ടുള്ള നിർണായക റിപ്പോർട്ട് എസ്.ഐ.ടി. കോടതിക്ക് കൈമാറിയത്.