ശബരിമല സ്വർണക്കൊള്ള കേസ്: നിർണായക മൊഴിയുമായി എ പത്മകുമാർ, തന്ത്രിയുമായും കടകംപള്ളിയുമായും ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ബന്ധമെന്ന് ആവർത്തിച്ചു, കുരുക്കാകുമോ ? | Sabarimala

ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന ആരോപണം പത്മകുമാർ ഇപ്പോഴും സമ്മതിച്ചിട്ടില്ല
Sabarimala gold theft case, A Padmakumar gives crucial statement

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർണായക മൊഴി. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ പത്മകുമാർ ആവർത്തിച്ചു.(Sabarimala gold theft case, A Padmakumar gives crucial statement)

പോറ്റിയുടെ ശബരിമലയിലെ സ്വാധീനത്തിന് പിന്നിൽ തന്ത്രിയുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും പിൻബലമുണ്ടായിരുന്നു എന്നും പത്മകുമാർ മൊഴി നൽകി. സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്.ഐ.ടി.) കസ്റ്റഡിയിലുള്ള എ. പത്മകുമാർ നൽകിയ മൊഴി കേസിൽ വഴിത്തിരിവായേക്കും.

ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് പത്മകുമാർ വ്യക്തമാക്കി. ശബരിമലയിൽ ഗോൾഡ് പ്ലേറ്റിങ് ജോലികൾ സന്നിധാനത്ത് വെച്ച് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയത്.

സ്വർണം കൊണ്ടുപോകുമ്പോൾ കൃത്യമായ തൂക്കവും അളവും എടുക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

നിലവിലെ സ്വർണ ക്ലാഡിങ് ജോലികൾക്ക് മുൻപും പഴയ ഭരണസമിതിയുടെ കാലത്തും സമാനമായ ജോലികൾ പുറത്ത് കൊണ്ടുപോയി നടത്തിയിട്ടുണ്ട്. സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. കേസിൽ കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് വൈകിട്ട് കൊല്ലം കോടതിയിൽ ഹാജരാക്കും.

മൊഴിയിൽ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും പരാമർശിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ താൻ പരിചയപ്പെടുന്നതിന് മുൻപ് തന്നെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായി പോറ്റിക്ക് പരിചയമുണ്ടായിരുന്നുവെന്ന് പത്മകുമാർ എസ്.ഐ.ടിക്ക് (സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം) മൊഴി നൽകിയതായാണ് വിവരം.

ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന ആരോപണം പത്മകുമാർ ഇപ്പോഴും അന്വേഷണ സംഘത്തിന് മുന്നിൽ സമ്മതിച്ചിട്ടില്ല. തന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു. ശബരിമലയിലെ സ്വർണ ഉരുപ്പടികൾ തട്ടിയെടുക്കാൻ വേണ്ടിയായിരുന്നില്ല പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടത്. കാലപ്പഴക്കം കാരണം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും വേണ്ടിയുള്ള പുനരുദ്ധാരണ നടപടികളാണ് നടന്നത്.

ദ്വാരപാലക പാളികൾ, കട്ടിളപ്പാളികൾ, വാതിൽ ഉൾപ്പെടെയുള്ളവയാണ് ഇതിനായി കൊണ്ടുപോയത്. ഈ തീരുമാനം താൻ ഒറ്റയ്ക്ക് എടുത്തതല്ലെന്നും, എല്ലാവരും അറിഞ്ഞുകൊണ്ടുള്ള തീരുമാനമായിരുന്നുവെന്നും പത്മകുമാർ മൊഴി നൽകി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയോ കടകംപള്ളി സുരേന്ദ്രനോ പ്രത്യേക താൽപ്പര്യം എടുത്തതായി പത്മകുമാറിന്റെ മൊഴിയിൽ വ്യക്തമായ പരാമർശം ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ വിഷയത്തിൽ അന്വേഷണ സംഘം കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com