തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.). കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. പത്മകുമാറും കേസിലെ മറ്റൊരു പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സുപ്രധാന രേഖകൾ എസ്.ഐ.ടി. കണ്ടെടുത്തു. ഇന്നലെ പത്മകുമാറിന്റെ വീട്ടിൽ അന്വേഷണ സംഘം 12 മണിക്കൂറോളം നീണ്ട പരിശോധന നടത്തി.(Sabarimala gold theft case, A Padmakumar and Unnikrishnan Potty have a very close relationship)
പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും അന്വേഷിച്ചത്. ഇതിൽ, ഇരുവരും ചേർന്നുള്ള ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ എസ്.ഐ.ടിക്ക് ലഭിച്ചെന്നാണ് സൂചന. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകൾ നടന്നതായി നേരത്തെ തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. പത്മകുമാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും പോറ്റി സമ്മതിച്ചിരുന്നുവെങ്കിലും പത്മകുമാർ ഇത് നിഷേധിക്കുകയായിരുന്നു. പോറ്റിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾക്കായാണ് എസ്.ഐ.ടി. പരിശോധന നടത്തിയത്.
2020, 2021, 2022 കാലഘട്ടത്തിൽ പോറ്റിയും പത്മകുമാറും ചേർന്ന് വലിയ തോതിലുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നു. ആറന്മുള, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇടപാടുകൾ നടന്നതെന്ന വിവരമാണ് എസ്.ഐ.ടിക്ക് ലഭിച്ചത്. ഈ ഭൂമിയിടപാടുകളുടെ രേഖകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് പോറ്റി അദ്ദേഹത്തിന്റെ പത്തനംതിട്ടയിലെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു എന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ പോറ്റി ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. ഈ വീട്ടിൽ വെച്ച് കേസിൽ ഗൂഢാലോചന നടന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് എസ്.ഐ.ടി.യുടെ വിലയിരുത്തൽ.