കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷകളും കേസിലെ സിബിഐ അന്വേഷണത്തിനായുള്ള ഹർജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. കൂടാതെ, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജിയും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് പരിഗണിക്കും.(Sabarimala gold theft case, A Padmakumar and Govardhan's bail applications again in the High Court today)
താൻ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ തോതിൽ സംഭാവനകൾ നൽകുന്ന വ്യക്തിയാണെന്നുമാണ് ഗോവർദ്ധന്റെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച സ്വർണ്ണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ 10 ലക്ഷം രൂപ ഡിഡിയായും പത്ത് പവൻ മാലയായും തിരികെ നൽകിയിട്ടുണ്ട്. ഇതുവരെ ഒന്നരക്കോടി രൂപ ക്ഷേത്രത്തിന് നൽകിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം വാദിക്കുന്നു.
ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ ഭരണപരമായ ചുമതലകൾ മാത്രമാണ് തനിക്കുണ്ടായിരുന്നതെന്ന് പത്മകുമാർ കോടതിയെ അറിയിച്ചു. ജീവനക്കാരെ നിയന്ത്രിക്കുക എന്നതല്ലാതെ, പണമിടപാടുകളിൽ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നു.
കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ആറാഴ്ചത്തെ സമയം കൂടി ഹൈക്കോടതി ഇന്നലെ അനുവദിച്ചു. ഈ മാസം 19-ന് എസ്ഐടി അടുത്ത ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സംഘത്തിലേക്ക് പുതുതായി രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്താൻ കോടതി അനുമതി നൽകി. നേരത്തെ നിർദ്ദേശിച്ച ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് അവർക്ക് പകരം പുതിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനാണ് തീരുമാനം.
മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ഭരണസമിതിക്കെതിരെയും അന്വേഷണം വ്യാപിപ്പിക്കുമെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. 2025 സെപ്റ്റംബറിൽ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശിയതിലെ ക്രമക്കേടുകൾ നാലാം ഘട്ട അന്വേഷണത്തിൽ ഉൾപ്പെടും.
അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചതോടെ നടപടികൾ ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കുന്നതിനും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമുള്ള നീക്കത്തിലാണ് ഇവർ. ഈ മാസം 19-ന് കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോൾ എസ്ഐടി തങ്ങളുടെ നാലാമത്തെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും കേസിലെ പ്രധാന പ്രതി ഗോവർധന്റെ ഫ്ലാറ്റിൽ നിന്ന് പോലീസ് നേരത്തെ സ്വർണ്ണം കണ്ടെത്തിയിരുന്നു. ഇത് ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട അതേ സ്വർണ്ണമാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ജനുവരി എട്ടാം തീയതി ലഭിക്കും. സ്വർണ്ണം വീണ്ടെടുക്കുന്നതിൽ ഈ റിപ്പോർട്ട് അന്വേഷണസംഘത്തിന് നിർണ്ണായകമാകും.
സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ, കേസിലെ മറ്റൊരു പ്രമുഖനായ കെ.പി. ശങ്കരദാസിനെതിരെയുള്ള അന്വേഷണം ശക്തമാക്കാനാണ് എസ്ഐടി തീരുമാനം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ശങ്കരദാസിന്റെ അറസ്റ്റ് വൈകിപ്പിച്ചു എന്ന ആക്ഷേപം ശക്തമായിരുന്നു. നിലവിൽ കഴിഞ്ഞ ആഴ്ച പക്ഷാഘാതം സംഭവിച്ചതിനെത്തുടർന്ന് ചികിത്സയിലാണ് അദ്ദേഹം. ഈ സാഹചര്യത്തിൽ, അറസ്റ്റ് നടപടികൾ സാങ്കേതികമായ നടപടിക്രമങ്ങളിൽ മാത്രമായി ഒതുങ്ങാനാണ് സാധ്യത.