

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ (Sabarimala Gold Theft) സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം മാറ്റിവെച്ചു. കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ നിലപാടെടുത്തിട്ടുണ്ട്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേസ് അട്ടിമറിക്കാൻ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കേസിൽ കക്ഷി ചേരാൻ എത്തിയ എം.ആർ. അജയന് കോടതി 10,000 രൂപ പിഴ ചുമത്തി. എഡിജിപിമാരായ പി. വിജയൻ, എസ്. ശ്രീജിത്ത്, ഐജി ഹരിശങ്കർ എന്നിവർക്കെതിരെയായിരുന്നു ഇയാളുടെ ആരോപണം. എന്നാൽ ഹർജി പരിഗണിച്ചപ്പോൾ ഹർജിക്കാരനോ അഭിഭാഷകനോ ഹാജരായില്ല. സമാനമായ രീതിയിൽ മറ്റ് രണ്ട് കേസുകളിലും ഇയാൾ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു. അഭിഭാഷകൻ ഹാജരാകാതെ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാണ് പിഴ ശിക്ഷ നൽകിയത്.
ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കാൻ തങ്ങൾ സജ്ജമാണെന്ന് സിബിഐ കോടതിയെ അറിയിക്കും. ഉന്നത ഉദ്യോഗസ്ഥർക്ക് പ്രതിയായ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. കോടതി വീണ്ടും ഹർജി പരിഗണിക്കുമ്പോൾ സിബിഐ ഇക്കാര്യത്തിൽ ഔദ്യോഗികമായി മറുപടി നൽകും.
The Kerala High Court has postponed the hearing of the petition seeking a CBI probe into the Sabarimala gold theft case until after the Christmas holidays. While the CBI has expressed its willingness to take over the investigation, the court imposed a fine of ₹10,000 on a petitioner, MR Ajayan, for wasting court time by not appearing after filing a plea to implead in the case. The case involves allegations against high-ranking IPS officers for reportedly trying to subvert the investigation.