

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ (Sabarimala Gold Theft) നിർണ്ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയാണ് സ്വര്‍ണം വാങ്ങിയതെന്ന് ഗോവര്‍ധൻ അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി. പണം കൈമാറിയതിന്റെ തെളിവുകളും ഇയാൾ പോലീസിന് കൈമാറിയിട്ടുണ്ട്.
ശബരിമലയിലെ ആവശ്യത്തിനെന്ന് വിശ്വസിപ്പിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി പണം വാങ്ങിയതെന്നും സുഹൃത്തെന്ന നിലയിലാണ് താൻ സ്വർണം വാങ്ങിയതെന്നും ഗോവർധൻ അവകാശപ്പെടുന്നു. എന്നാൽ, ഇത് ദേവസ്വം സ്വത്താണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഗോവർധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരേയും നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. സ്വർണം കടത്താൻ സഹായിച്ച കല്പേഷിനെയും വീണ്ടും ചോദ്യം ചെയ്യും.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണെന്നും ആ സ്വർണം വാങ്ങിയത് ഗോവർധനാണെന്നുമാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. തുടക്കം മുതൽ അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ച പ്രതികൾ, ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചത് ചെമ്പ് പാളികളാണെന്നായിരുന്നു ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ കുടുക്കിയത്.
In a significant breakthrough in the Sabarimala gold theft case, arrested jeweller Govardhan from Bellary has confessed to paying ₹1.5 crore to key accused Unnikrishnan Potti in exchange for gold. Govardhan provided the Special Investigation Team (SIT) with evidence of the transactions but claimed he was unaware of the theft, believing the gold was for temple purposes.