കൊല്ലം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കവർന്ന കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതി 'സ്വാഭാവിക ജാമ്യം' (Statutory Bail) അനുവദിച്ചത്.
പ്രതിയുടെ മോചനം അന്വേഷണത്തെ ബാധിക്കാതിരിക്കാൻ കർശനമായ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്:കേസിലെ പ്രധാന തെളിവുകളുള്ള പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്.കോടതിയുടെ അനുമതിയില്ലാതെ കേരളത്തിന് പുറത്തേക്ക് പോകരുത്.
ആഴ്ചയിൽ രണ്ടുദിവസം വീതം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം.തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ ഭീഷണിപ്പെടുത്താനോ പാടില്ല തുടങ്ങിയവയാണ് പ്രധാന ഉപാധികൾ.
അതേസമയം , ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ പുറത്തിറങ്ങാൻ കഴിയില്ല. ശ്രീകോവിലിലെ സ്വർണ്ണപ്പൊതിഞ്ഞ കട്ടിളപ്പാളികളിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കൂടി ഇയാൾ റിമാൻഡിലാണ്. ഈ രണ്ടാമത്തെ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ പോറ്റിക്ക് ജയിൽ മോചിതനാകാൻ കഴിയൂ.
ശബരിമലയിലെ സ്വർണ്ണപ്പാളികളുടെ അളവിലും തൂക്കത്തിലും വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇതിനിടെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.