കോട്ടയം/തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ മിന്നൽ പരിശോധനയിൽ സുപ്രധാന രേഖകൾ കണ്ടെടുത്തു. കേസിലെ പ്രതിയായ മുരാരി ബാബുവിന്റെ കോട്ടയത്തെ വീട്ടിൽ രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിശോധന രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്.
മുരാരി ബാബു, ഭാര്യ, മകൻ എന്നിവരുടെ ബാങ്ക് ഇടപാട് രേഖകൾ, ആസ്തി വിവരങ്ങൾ, വാഹനങ്ങളുടെയും വീട് നിർമ്മാണത്തിന്റെയും രേഖകൾ എന്നിവ ഇ.ഡി. കസ്റ്റഡിയിലെടുത്തു. സ്വർണ്ണക്കൊള്ളയിലൂടെ സമ്പാദിച്ച പണം കള്ളപ്പണമായി വെളുപ്പിച്ചോ എന്ന് കണ്ടെത്താനാണ് പ്രധാനമായും പരിശോധന നടത്തിയത്.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. ദേവസ്വം ആസ്ഥാനത്ത്: തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്തും മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ വീട്ടിലും പരിശോധന നടന്നു. റെയ്ഡിന് മുന്നോടിയായി ദേവസ്വം പ്രസിഡന്റ് കെ. ജയകുമാറിനെ ഇ.ഡി. വിവരമറിയിച്ചിരുന്നു.
എ. ജയശ്രീ, കെ.എസ്. ബൈജു എന്നിവരുടെ വീടുകളിലും ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്ന ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലും ഇ.ഡി. സംഘം പരിശോധന നടത്തി. പരിശോധന പൂർത്തിയായതോടെ പ്രതികൾക്ക് ഇ.ഡി. നോട്ടീസ് നൽകി കഴിഞ്ഞു. വരുംദിവസങ്ങളിൽ ഇവരുടെ മൊഴി രേഖപ്പെടുത്തും. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്ന് കണ്ടെത്തുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇ.ഡി. ഉടൻ കടക്കുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അതീവ രഹസ്യമായാണ് ഈ ഓപ്പറേഷൻ ആസൂത്രണം ചെയ്തത്.