ബെംഗളൂരു/തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ആസ്ഥാനത്തും ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന മിന്നൽ പരിശോധന നീളുന്നു. തിരുവനന്തപുരം നന്ദൻകോട്ടെ ദേവസ്വം ആസ്ഥാനത്ത് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന 14 മണിക്കൂർ പിന്നിട്ടു. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും ഒരേസമയം റെയ്ഡ് നടക്കുന്നുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്ന രണ്ട് വിഭാഗങ്ങളിലായാണ് ഇ.ഡി. പരിശോധന നടത്തുന്നത്. സ്വർണ്ണക്കവർച്ചയ്ക്ക് പുറമെ വഴിപാടുകളിലെ വെട്ടിപ്പും നിർമ്മാണ പ്രവർത്തനങ്ങളിലെ സ്പോൺസർഷിപ്പും ഏജൻസി നിരീക്ഷിക്കുന്നുണ്ട്.
സ്വർണ്ണപ്പണികൾ ഏറ്റെടുത്ത് നടത്തിയിരുന്ന സ്മാർട്ട് ക്രിയേഷൻസിലും ഇ.ഡി. സംഘം പരിശോധന തുടരുകയാണ്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും സഹോദരിയുടെയും വീട്ടിലെ പരിശോധന അവസാനിച്ചു. സഹോദരിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർ ഭൂമി രേഖകൾ, ബാങ്ക് പാസ്ബുക്കുകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ ശേഖരിച്ചു.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെ വീട്ടിൽ ഇപ്പോഴും പരിശോധന തുടരുകയാണ്. മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു, അറസ്റ്റിലായ എൻ. വിജയകുമാർ എന്നിവരുടെ വീടുകളിലെ റെയ്ഡ് പൂർത്തിയായി.
ശബരിമലയിലെ സ്വർണ്ണക്കവർച്ച വെറുമൊരു മോഷണമല്ലെന്നും ഇതിന് പിന്നിൽ വൻ സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നുമാണ് ഇ.ഡി. സംശയിക്കുന്നത്. കൂടുതൽ ഉന്നതർ കേസിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇ.ഡി. വൃത്തങ്ങൾ സൂചിപ്പിക്കുന്നു.