ബംഗളൂരു: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന് നിർണ്ണായക വഴിത്തിരിവ്. ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധനെ കേസിൽ സാക്ഷിയാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) തീരുമാനിച്ചു. ഇക്കാര്യത്തിൽ നിയമോപദേശം തേടാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റത് ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവർദ്ധനാണ്. ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്ന് 400 ഗ്രാമിലധികം സ്വർണം എസ്.ഐ.ടി. പിടിച്ചെടുത്തിട്ടുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റി നാണയങ്ങളുടെ രൂപത്തിൽ നൽകിയ സ്വർണം ഗോവർദ്ധൻ സ്വർണ്ണക്കട്ടികളാക്കി മാറ്റുകയായിരുന്നു. കട്ടികളുടെ രൂപത്തിലാണ് അന്വേഷണ സംഘം സ്വർണം കണ്ടെത്തിയത്. 2020-ലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഗോവർദ്ധന് സ്വർണം വിറ്റതെന്നും അന്വേഷണസംഘം കണ്ടെത്തി.
ഗോവർദ്ധൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ, "ശബരിമലയിലെ സ്വർണ്ണമാണെന്ന് തനിക്ക് അറിയില്ലായിരുന്നു" എന്ന് പറയുന്നു. സ്വർണം തനിക്ക് ലഭിച്ചത് നാണയരൂപത്തിലായിരുന്നു എന്നും അദ്ദേഹം മൊഴി നൽകി. മൊത്തം 476 ഗ്രാം സ്വർണ്ണമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റത്. ഇതിൽ 400 ഗ്രാമിൽ അധികം സ്വർണ്ണം എസ്.ഐ.ടി. കണ്ടെടുത്തു.
അതിനിടെ, ബെംഗളൂരുവിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന തുടരുകയാണ്. ശ്രീരാംപുര അയ്യപ്പസ്വാമി ക്ഷേത്രത്തിന് തൊട്ടടുത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റി താമസിച്ച അപ്പാർട്ട്‌മെൻ്റിലാണ് എസ്.ഐ.ടി. പരിശോധന നടത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മകനാണ് ഇവിടെ താമസിക്കുന്നതെന്നാണ് വിവരം.