
കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല ഉത്തരവ് പുറത്ത് വന്നു. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, കേസിൽ ഉൾപ്പെട്ട ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (എസ്.ഐ.ടി.) നിർദ്ദേശം നൽകി.
ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും
കോടതിയുടെ നിരീക്ഷണങ്ങൾ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു.
അന്വേഷണ പരിധി: കേസ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരിൽ മാത്രം ഒതുക്കരുത്. ദേവസ്വം ബോർഡിന്റെ മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവരണം.
മിനിറ്റ്സ് പിടിച്ചെടുക്കണം: ദേവസ്വം ബോർഡ് മിനിറ്റ്സ് പിടിച്ചെടുത്ത് സുരക്ഷിതമായി സൂക്ഷിക്കാൻ അന്വേഷണ സംഘത്തോട് കോടതി നിർദ്ദേശിച്ചു.
ദുരൂഹമായ കൈമാറ്റം: സ്വർണ്ണം പൂശിയ ശേഷം നിറം മങ്ങിയപ്പോൾ, ടെൻഡർ പോലും വിളിക്കാതെ പോറ്റിയെ ഏൽപ്പിച്ചത് ദുരൂഹമാണ്.
തിരുവാഭരണം രജിസ്റ്റർ: 2019-ൽ സ്വർണ്ണം പൂശി കൊണ്ടുവന്നപ്പോൾ അത് തിരുവാഭരണം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ബോർഡിൻ്റെ വീഴ്ച: സ്വർണ്ണപാളികളും വശങ്ങളിലെ പാളികളും കൈമാറിയതിൽ ദേവസ്വം ബോർഡിന് വ്യക്തമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ദുരൂഹതകളും വീഴ്ചകളും കണക്കിലെടുത്ത് ക്രിമിനൽ ഗൂഢാലോചന സംബന്ധിച്ച് കൃത്യമായി അന്വേഷിക്കാനാണ് ഹൈക്കോടതി എസ്.ഐ.ടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.