കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി ഉള്‍പ്പെട്ട ലോഹത്തിന്റെ ഭാരം നാലര കിലോഗ്രാം കുറഞ്ഞതില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലന്‍സ് ഓഫീസര്‍ മൂന്നാഴ്ച്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2019 ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ല. വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു.ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്നും കോടതി ചോദിച്ചു.
സ്വർണ്ണം അടക്കം പൂശിയ പാളിയുടെ ഭാരത്തിലെ ചേർച്ചക്കുറവ് എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോർട്ട് നൽകാൻ തിരുവിതാംകൂർ ദേവസ്വത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ പ്രതികരണം.