തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിഷയത്തിൽ അന്വേഷണം അവസാനിക്കും മുന്‍പ് ആരും വിധിയെഴുതേണ്ട കാര്യമില്ലല്ലോ. .ഈ കാര്യത്തിൽ ഒരു ആശങ്കയും ആർക്കും വേണ്ട. സർക്കാറല്ല വീഴ്ച വിലയിരുത്തേണ്ടത്. ആരാണ് വിലങ്ങ് അണിയാതെയും അണിഞ്ഞും ജയിലിലേക്ക് പോകുന്നത് എന്ന് നോക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേ സമയം, നവകേരളം സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ നവകേരള വികസനക്ഷേമ പഠന പരിപാടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും സമ്മാനിക്കും.വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി ക്രോഡീകരിച്ച് ഭാവിയില്‍ നാടിന്റെ പുരോഗതി ഏത് രീതിയിലാകണം എന്ന കാര്യത്തില്‍ രൂപരേഖയുണ്ടാക്കും. വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ക്കുള്ള ജീവിതനിലവാരം കേരളത്തില്‍ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. വികസനങ്ങളുടെ നേട്ടത്തില്‍ നിന്നുണ്ടാകുന്ന ഗുണഫലം എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാകും.' മുഖ്യമന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി സംവരണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ സ്കൂൾ മാനേജ്മെന്റിനും നൽകണമെന്നാണ് സർക്കാർ അഭിപ്രായം. ഇത് സുപ്രീംകോടതിയെ അറിയിക്കാൻ ഇന്ന് ചേർന്ന യോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. എയ്ഡഡ് സ്കൂൾ ദിന്നശേഷി അധ്യാപക നിയമനം എല്ലാ വിഭാഗങ്ങൾക്കും നൽകണം.
എല്ലാ വിഭാഗത്തിനും ഇതിൽ പരാതി ഉണ്ടായിരുന്നു. പലരും കോടതിയിൽ പോയിട്ടുണ്ട്. ഇത് എല്ലാവരുടെയും ആവശ്യമാണ്. സർക്കാരിന് ഭിന്നശേഷി സംവരണത്തിൽ ഏകപക്ഷീയ നടപടി സ്വീകരിക്കാൻ ആകില്ല. സുപ്രീംകോടതി സർക്കാർ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.