ശബരിമല സ്വർണക്കൊള്ളയും A പത്മകുമാറിൻ്റെ അറസ്റ്റും : തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനൊരുങ്ങി UDFഉം BJPയും | Sabarimala

ഇത് വലിയ ആഘാതം ഉണ്ടാക്കില്ലെന്നും സി.പി.ഐ.എം. കരുതുന്നു.
Sabarimala gold loot and A Padmakumar's arrest, UDF and BJP set to discuss in local body elections
Published on

തിരുവനന്തപുരം: സി.പി.ഐ.എം. നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ. പത്മകുമാറിൻ്റെ അറസ്റ്റ് സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമായേക്കും. പാർട്ടി ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവിൻ്റെ അറസ്റ്റ്, പ്രതിപക്ഷവും ബി.ജെ.പി.യും പ്രചാരണായുധമാക്കുമെന്ന് ഉറപ്പാണ്.(Sabarimala gold loot and A Padmakumar's arrest, UDF and BJP set to discuss in local body elections)

ആദ്യ ഘട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ജീവനക്കാരെയും കേന്ദ്രീകരിച്ച കേസ്, സി.പി.ഐ.എം. ബന്ധമുള്ള എൻ. വാസുവിൻ്റെ അറസ്റ്റോടെയാണ് രാഷ്ട്രീയ വിഷയമായി മാറിയത്. ഇപ്പോൾ പത്മകുമാറിൻ്റെ അറസ്റ്റ് കൂടി നടന്നതോടെ ശബരിമല സ്വർണക്കൊള്ള ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം ആകാൻ സാധ്യതയുണ്ട്.

അറസ്റ്റിന് പിന്നാലെ യു.ഡി.എഫ്. നേതൃത്വം ഒറ്റക്കെട്ടായി സർക്കാരിനെയും സി.പി.ഐ.എമ്മിനെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പത്മകുമാറിൻ്റെ അറസ്റ്റ് രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കുമോ എന്ന ആശങ്ക എൽ.ഡി.എഫ്. നേതൃത്വത്തിനുണ്ട്.

വാസുവിൻ്റെയും പത്മകുമാറിൻ്റെയും പാർട്ടി ബന്ധം ഒരു തരത്തിലും നിഷേധിക്കാൻ സാധിക്കാത്തതിനാൽ സി.പി.ഐ.എം. ആണ് പ്രതിക്കൂട്ടിലാകുന്നത്. പത്മകുമാർ അന്വേഷണ സംഘത്തിന് നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ രാഷ്ട്രീയ നേതാക്കൾ അന്വേഷണ വലയത്തിലേക്ക് വരുമോ എന്ന ആശങ്കയും ഇടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്.

രാഷ്ട്രീയ ബന്ധമുള്ളവരുടെ അറസ്റ്റ് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെങ്കിലും, ഈ വിവാദം നിയമസഭാ തെരഞ്ഞെടുപ്പ് വരെ നീണ്ടുപോകാതിരിക്കാൻ സഹായിച്ചേക്കും എന്നാണ് സി.പി.ഐ.എമ്മിൻ്റെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ തിരിച്ചടി ഉണ്ടായാൽ തന്നെ, ഊർജ്ജിതമായ പ്രചാരണം വഴി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അത് മറികടക്കാൻ സാധിക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. പ്രാദേശിക വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല വിവാദം വലിയ ആഘാതം ഉണ്ടാക്കില്ലെന്നും സി.പി.ഐ.എം. കരുതുന്നു.

Related Stories

No stories found.
Times Kerala
timeskerala.com