കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിനായി ഇഡി നടപടികൾ വേഗത്തിലാക്കി. കേസിന്റെ എഫ്‌ഐആറും പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും നിലവിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) നിന്ന് ഇഡി ശേഖരിച്ചു. അനുമതി ലഭിക്കുന്നതോടെ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴി രേഖപ്പെടുത്താനാണ് ഇഡിയുടെ തീരുമാനം.
അതേസമയം , കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ എസ്ഐടി അലംഭാവം കാണിക്കുന്നുണ്ടെന്നും ചിലരെ ബോധപൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുന്നതായും കോടതി സംശയം പ്രകടിപ്പിച്ചു.വിജയകുമാർ, ശങ്കർദാസ് എന്നിവരെ എന്തുകൊണ്ട് പ്രതി ചേർക്കുന്നില്ലെന്ന് കോടതി ചോദിച്ചു. ബോർഡ് അംഗങ്ങളുൾപ്പെടെയുള്ള ഉന്നതരുടെ പിന്തുണയില്ലാതെ ഇത്രയും വലിയ കൊള്ള നടക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
അഴിമതി സമൂഹത്തെ ബാധിക്കുന്ന ക്യാൻസറാണെന്നും ഇത്തരം കേസുകളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.