പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നടപടികള്‍ എടുത്തുതുടങ്ങിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വിജിലൻസ് സംഘം കോടതിയിൽ അന്തിമറിപ്പോർട്ട് ഈ ആഴ്ച സമർപ്പിച്ചേക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സംബന്ധിച്ച് കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ നല്‍കിയ 40 വര്‍ഷത്തെ വാറന്റി റദ്ദ് ചെയ്യാൻ തീരുമാനിച്ചു. ഇത് ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്താനുള്ള നടപടിക്രമങ്ങള്‍ക്കായി ഡപ്യൂട്ടി കമ്മിഷണറെ ചുമതലപ്പെടുത്തി. ദേവസ്വം ബോര്‍ഡ് യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനമുണ്ടായതെന്ന് പ്രശാന്ത് പറഞ്ഞു.
തന്ത്രിയുടെ അനുവാദം വാങ്ങിയ ശേഷമാണ് പാളികള്‍ സ്വര്‍ണം പൂശാന്‍ ശുപാര്‍ശ നല്‍കിയതെന്ന മുരാരി ബാബുവിന്റെ പരാമര്‍ശം സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗം മാത്രമാണ്. ഇത്തവണയും സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിടാമെന്ന് മുരാരി ബാബു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ബോര്‍ഡ് അതു തള്ളുകയായിരുന്നു.
മണ്ഡലമകരവിളക്ക് സീസണിനു മുന്‍പ് വിവാദങ്ങള്‍ എല്ലാം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബോര്‍ഡ് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു. വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെയും പ്രസിഡന്റിന്റെയും വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നത് ധാര്‍മികതയ്ക്കു ചേരുന്നതാണോ എന്ന് പ്രതിപക്ഷം ആലോചിക്കണമെന്നും പ്രശാന്ത് പറഞ്ഞു.